
പഴയങ്ങാടി:റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള റെയിൽവേ മുത്തപ്പൻ ക്ഷേത്രം 15 ദിവസത്തിനകം ഒഴിയണമെന്ന് റെയിൽവേയുടെ ഉത്തരവ്.റെയിൽവേ ഭൂമി കൈയേറി കൈവശം വച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ:ഡിവിഷനൽ റെയിൽവേ മാനേജരുടെ ഉത്തരവ്. നിശ്ചിത ദിവസത്തിനകം ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുമെന്നും ഉത്തരവിൽ പറയുന്നു.ഉത്തരവ് മുത്തപ്പൻ ക്ഷേത്രത്തിൽ പതിച്ചുകഴിഞ്ഞു.
പഴയങ്ങാടിയിലെ റെയിൽവേയുടെ 6.5 സെന്റ് ഭൂമിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റെയിൽവേ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 30ന് ക്ഷേത കമ്മിറ്റി പ്രസിഡന്റിനു റെയിൽവേ നോട്ടീസ് അയച്ചിരുന്നു. ഏപ്രിൽ 12ന് അഭിമുഖം നിശ്ചയിച്ചിരുന്നെങ്കിലും പ്രസിഡന്റ് ഹാജരായില്ലെന്നും തുടർന്നാണ് ഒഴിപ്പിക്കൽ നടപടിയെന്നും ഉത്തരവിൽ പറയുന്നു.
ബ്രിട്ടിഷ് ഭരണ കാലത്താണ് പാലക്കാടിനും മംഗളൂരുവിനും ഇടയിലെ റെയിൽവേ സ്റ്റേഷനുകളോടു ചേർന്ന് മുത്തപ്പൻ ക്ഷേത്രങ്ങൾ നിലവിൽ വന്നത്.ബ്രിട്ടിഷ് ഭരണ കാലത്ത് നാട്ടിലെ വ്യവസായിക്ക് ബേക്കൽ സ്റ്റേഷനിൽ എത്തിയ അമ്പതിനായിരം രൂപ വിലയുള്ള യന്ത്ര സാമഗ്രികളുടെ പാർസൽ കാണാതായ സംഭവത്തിലാണ് റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങളുടെ തുടക്കം.സംഭവത്തിൽ തൊഴിലാളികളിൽ പലരെയും പിരിച്ചുവിട്ടു. പാർസൽ പൈസ കെട്ടിവെക്കണമെന്നും റെയിൽവേ ആവശ്യപെട്ടു .പിരിച്ച് വിടപ്പെട്ട മുത്തപ്പ ഭക്തനായ സ്റ്റേഷൻ മാസ്റ്റർ പാർസൽ തിരിച്ച് കിട്ടിയാൽ മുത്തപ്പൻ കെട്ടി ആടുമെന്ന് പ്രാർത്ഥന പറഞ്ഞു.ഇതിന്റെ മൂന്നാം നാൾ ബേക്കൽ കടപ്പുറത്ത് നിന്ന് പാർസൽ തിരിച്ച് കിട്ടിയതിനെ തുടർന്ന് ബേക്കലിൽ മുത്തപ്പൻ കെട്ടിയാടി. തിരിച്ചെടുക്കപ്പെട്ട ജീവനക്കാരിൽ പലരും സ്ഥലംമാറിയെത്തിയ ഇടങ്ങളിലെല്ലാം മുത്തപ്പൻ ക്ഷേത്രങ്ങൾ വന്നുവെന്നുമാണ് കരുതുന്നത്.മദ്യം കളവ് പോയ കഥയും റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾ നിലവിൽ വന്നതിനെക്കുറിച്ച് പറഞ്ഞുകേൾക്കുന്നുണ്ട്.
പഴയങ്ങാടിയിലെ റെയിൽവേ നടപടിക്കെതിരെ കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയിലും പോഷക സംഘടനകളിലും പ്രതിഷേധമുയരുന്നുണ്ട്.കല്യാശ്ശേരി മണ്ഡലം ബി.ജെ.പി പ്രസിഡന്റ് സി.വി സുമേഷ് ഇന്ത്യൻ റെയിൽവേ പി.എ.സി കമ്മറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് കത്തെഴുതിയിട്ടുണ്ട്.
നടത്തിപ്പ് ജീവനക്കാർ തന്നെ
റെയിൽവേ ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു തുടക്കം മുതലേ ക്ഷേത്ര ചടങ്ങുകൾ നടത്തിയിരുന്നത്. ഇപ്പോൾ നാട്ടുകാരും ചിലയിടങ്ങളിൽ കമ്മിറ്റികളിൽ പങ്കാളികളാണ്. 2018ൽ കണ്ണപുരം റെയിൽവേ സ്റ്റേഷനിലെ മുത്തപ്പൻ ക്ഷേതത്തിന് എതിരെയും റെയിൽവേ നടപടിയെടുത്തിരുന്നു. ക്ഷേത്രം റെയിൽവേ അധികൃതർ പൊളിച്ചു നീക്കിയതിനു പിന്നാലെ ഭക്തർ ചേർന്നു പുനഃസ്ഥാപിച്ചു.എടക്കാട്, വടകര സ്റ്റേഷനു കളിലെ റെയിൽവേ മുത്തപ്പൻ ക്ഷേത്രങ്ങൾക്കും ഇത്തരം നോട്ടീസ് നേരത്തെ ലഭിച്ചിരുന്നെങ്കിലും നടത്തിപ്പുകാർ നേരിട്ടെത്തി വിശദീകരണം നൽകി നടപടി ഒഴിവാക്കുകയായിരുന്നു.