പാനൂർ: പാനൂരിനടുത്ത കുന്നോത്ത് പീടിക ഭാഗത്ത് ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. ഇന്നലെ രാവിലെ 6.30 ഓടെ വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 14 ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. പറമ്പത്ത് മീത്തൽ കൗസല്യ, പറമ്പത്ത് കിഴക്കയിൽ സി.കെ ഗോപിനാഥൻ, വലിയപറമ്പത്ത് പ്രേമൻ, എഴുത്തുപള്ളിയിൽ ഭാസ്‌ക്കരൻ, പുതിയ വീട്ടിൽ താഴെക്കുനിയിൽ പുരുഷു, തുള്ളുവൻ പറമ്പത്ത് ചന്ദ്രൻ, കിളയുള്ള പറമ്പത്ത് സജിത്ത്, കൂറ്റേരി വീട്ടിൽ രാജീവൻ, ജാനകി പുരം രവീന്ദ്രൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
പനയാട മുരളിയുടെ ഫാബ്രിക്കേഷൻ കടയും തകർന്നു. എഴുത്തുപള്ളിയിൽ ഭാസ്‌ക്കരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കും തകർന്നു. ജില്ലാ പഞ്ചായത്തംഗം ഇ. വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകൻ, പഞ്ചായത്ത് അംഗങ്ങളായ പി.കെ ഷിറോഷ്, കെ.കെ മണിലാൽ, കെ. ബിജു, കെ. മോഹനൻ എന്നിവർ സ്ഥലത്തെത്തി.
മനേക്കരയിലും നാശനഷ്ടമുണ്ടായി. വിദ്യാവിലാസിനി എൽ.പി സ്‌കൂളിന് മീതെയും മരം വീണു. തൊട്ടടുത്ത അംഗൻവാടിക്കും കേടുപാടുകൾ പറ്റി. വില്ലേജ് ഓഫീസർ ഷീബ, കൃഷി അസിസ്റ്റന്റുമാരായ പ്രവിത, ശ്വേത എന്നിവരും സ്ഥലത്തെത്തി.
ചുഴലിക്കാറ്റിൽ കൊളവല്ലൂർ ഹരിനാരായണ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ പരേതനായ നള്ളക്കണ്ടിയിൽ പ്രേമനാഥൻ മാസ്റ്ററുടെ വീടിനു മുകളിൽ വലിയ പുളിമരം വീണ് വീടിന് വലിയ കേടുപാടുകൾ സംഭവിച്ചു.