പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി കടപ്പുറത്ത് കടലാക്രമണം വീണ്ടും അതിരൂക്ഷം. നേരത്തെ ഉണ്ടായ കടലാക്രമണത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ഇടം കടലെടുത്തതോടെ ഒരു വള്ളവും വലയും കടലിലേക്ക് ഒലിച്ച് പോകുകയും മറ്റൊരു വള്ളം കടലിലേക്ക് മറിയുകയും ചെയ്തു. പി.കെ ജലാലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കടലിലേക്ക് മറിഞ്ഞുകിടക്കുന്ന വള്ളം. അഞ്ചാം തീയതി കരയിൽ നിർത്തിയിട്ട രണ്ട് വള്ളങ്ങൾ തകർന്നിരുന്നു. മമ്മിമൂപ്പൻ, അൽ അബാദ് എന്നീ രണ്ട് വള്ളങ്ങൾ ആണ് അന്ന് തകർന്നത്. ആറോളം വള്ളങ്ങൾ മത്സ്യത്തൊഴിലാളികൾ നിർത്തിയിട്ട ഇടത്തിൽ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റികയും ചെയ്തിരുന്നു. കര പൂർണമായും കടൽ എടുത്ത നിലയിലാണ്. പുതിയങ്ങാടി കടപ്പുറം മുതൽ നീരൊഴുക്കും ചാൽ വരെയും കടൽ കലിതുള്ളുകയാണ്. കടൽ കരയിൽ നിർത്തിയിട്ട മറ്റ് വള്ളങ്ങൾ മത്സ്യ തൊഴിലാളികൾ മാറ്റി.