
ഇരിട്ടി:തോരാത്ത മഴ ആനപകയും കണ്ണീര് വീഴ്ത്തിയ ദിനമായിരുന്നു ഇന്നലെ ആറളത്തിന്.
ആനക്കലിയിൽ ജീവൻ പാതിവഴിയിൽ മറ്റൊരു മനുഷ്യന് കൂടി നഷ്ടപ്പെട്ടപ്പോൾ നിസഹായതയും രോഷവും ചേർന്ന് അവരുടെ മനസ് ഉരുൾപൊട്ടുകയായിരുന്നു. ഇനി ഇങ്ങനെയൊന്നുണ്ടാവില്ലെന്ന ഉറപ്പു പറയാൻ കഴിയാതെ വനവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അവരുടെ രോഷം കണ്ടും കേട്ടും നിസഹായരായി നിൽക്കുകയായിരുന്നു.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വിറകു ശേഖരിക്കുന്നതിനിടെ കാട്ടാന ചവിട്ടികൊന്ന ഏഴാം ബ്‌ളോക്കിലെ പേരത്തോട്ടത്തിനടുത്തെ പുതുശ്ശേരി ദാമുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ അനുവദിക്കാതെ നാട്ടുകാർ രോഷം കൊള്ളുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം ഫോറസ്റ്റ് കൺസർവേറ്ററോടും ഉദ്യോഗസ്ഥരോടുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.വിവരമറിഞ്ഞ് ആറളം പഞ്ചായത്ത് പ്രസിഡന്റും ബ്‌ളോക്ക് ഭാരവാഹികളുമെത്തിയിരുന്നു. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് സ്ഥിതി അല്പമെങ്കിലും ശാന്തമായത്.കളക്ടറും ഡി. എഫ്. ഒയുമടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാട്ടാനശല്യമൊഴിവാക്കാൻ എന്തു നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഉടൻ ചർച്ച ചെയ്യാമെന്ന ഇരിട്ടി തഹസിൽദാരടക്കമുള്ളവരുടെ ഉറപ്പിനെ തുടർന്നാണ് മണിക്കൂറുകൾ കഴിഞ്ഞ് ഇൻക്വസ്റ്റ് നടത്താൻ മൃതദേഹം വിട്ടുകൊടുക്കാൻ ജനക്കൂട്ടം തയ്യാറായത്.
ദാമുവിന്റെ കൊലയാളിയായ ആനയുടെ സാന്നിധ്യം പരിസരത്തു തന്നെയുണ്ടായത് ആശങ്കയുടെ മണിക്കൂറുകളാണ് സൃഷ്ടിച്ചത്. ഇതോടെയാണ് ഇരുൾ പരക്കുന്നതിന് മുൻപെ അപകടം നിറഞ്ഞ സ്ഥലത്തുനിന്നുംഒഴിഞ്ഞു പോകാൻ ജനക്കൂട്ടം തീരുമാനിച്ചത്.
കൊല്ലപ്പെട്ടത് പത്താമൻ
2014മുതൽ ആറളം ഫാമിൽ ഇതുവരെ കാട്ടാന ചവുട്ടി കൊല്ലപ്പെട്ടവരിൽ പത്താമനാണ് പുതുശ്ശേരി ദാമു . ബന്ധുക്കൾക്കും മറ്റ് ഫാമിലെതാമസക്കാരുമായ അഞ്ചുപേർക്കൊപ്പം വീടിന് സമീപത്തുള്ള പുനരധിവാസമേഖലയുടെ ഭാഗമായ സ്ഥലത്ത് വിറക്‌ശേഖരിക്കാൻ പോയതായിരുന്നു ദാമു. ഇതിനിടെയിൽ കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും ഏറ്റവും പിന്നിലായിരുന്ന ദാമു കാട്ടാനയുടെ മുന്നിലെത്തുകയായിരുന്നു.ഓടിപ്പോയവർ തിരികെയെത്തിയപ്പോഴാണ് ദാമുവിന്റെ ചലനം നിലച്ച ശരീരം കണ്ടത്. കലിതീരാതെ
പരിസരത്ത് തന്നെ കാട്ടാന നിലയുറപ്പിച്ചതിനാൽ ചേതനയറ്റ ശരീരം മാറ്റാനും ഇവർക്ക് പറ്റിയില്ല.
ഫാമിനെ വിറപ്പിച്ച് കൊലയാളി
കുറച്ച് ദിവസങ്ങളായി ദാമുവിന്റെ ജീവനെടുത്ത കാട്ടുകൊമ്പൻ വ്യാപകമായ അക്രമം നടത്തിവരികയാണ്. ബുധനാഴ്ച അർധരാത്രി ആറളം ഫാം ഒൻപതാം ബ്ലോക്കിലെ ദേവിപൊന്നപ്പൻ ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തിരുന്നു. കുടിലിനുള്ളിലുണ്ടായിരുന്ന പൊന്നപ്പന്റെ ഭാര്യ ദേവിയും പേരമകൻ ആറു വയസുള്ള നവിനേഷും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ആറളം ഫാം ഗേറ്റിന് സമീപം എത്തിയ കാട്ടാനയിൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരൻ സതീഷ് നാരായണൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.ഇദ്ദേഹത്തിന്റെ ഇരുചക്രവാഹനം ആന തകർത്തു.
കണ്ണുതുറന്നേ പറ്റു
നാട്ടുകാരുടെ മുറവിളിക്കൊടുവിൽ ആനമതിൽ നിർമ്മിക്കാൻ തീരുമാനിച്ച സർക്കാർ ഫണ്ടനുവദിച്ചിരുന്നു. എന്നാൽ വൈദ്യുതി വേലിമതി മതിയെന്നായിരുന്നു വനംവകുപ്പ് നിലപാട്. ഹൈക്കോടതി ഇതുശരിവെച്ചതോടെ ആനമതിൽ നിർമ്മാണം അനിശ്ചതിത്വത്തിലായി. തടസമൊന്നുമില്ലാതെ വിഹരിക്കാൻ കാട്ടാനകൾക്ക് അവസരവും ലഭിച്ചു.