
കണ്ണൂർ:അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.പ്രതിപക്ഷം നിയമസഭയിൽ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോൾ യു.ഡി.എഫ് എം.എൽ.എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെത്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നത്.
സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആശുപത്രികളുടെ ശോചനീയാവസ്ഥയും ആവശ്യത്തിന് ഡോക്ടർമാരും പാരമെഡിക്കൽ സ്റ്റാഫുമില്ലാത്തതും തിരിച്ചടിയായി. കൂടുതൽ ജീവനക്കാരെ നിയമിച്ച് അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. പോഷകാഹാരക്കുറവും മറ്റു രോഗവ്യാപനവും ശിശുമരണങ്ങളിലേക്ക് വഴിവെയ്ക്കുന്നു.ഇവിടങ്ങളിൽ ഊരുകളിലെ പട്ടിണി അകറ്റാനായി നടപ്പാക്കിയ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ഏതാണ്ട് നിലച്ചമട്ടാണ്. സൗജന്യ ചികിത്സ ഉറപ്പാക്കാൻ നൽകിയ തുകപോലും വകമാറ്റുന്ന സ്ഥിതിയുണ്ടായി. ഇതെല്ലാം മറച്ചുവെച്ചാണ് ആരോഗ്യമന്ത്രി പ്രതിപക്ഷത്തിനുമേൽ കുതിര കയറുന്നതെന്നും സുധാകരൻ പറഞ്ഞു.