കണ്ണൂർ:മാളം വിട്ട് വീടിന്റെ അടുക്കള ഭാഗത്തെത്തിയ മൂർഖൻ പാമ്പിന് കണ്ണൂർ വെറ്ററിനറി ആശുപത്രിയിൽ പുതുജീവൻ.കഴുത്തിന്റെ ഭാഗത്ത് പരിക്കേറ്റിരുന്ന മൂർഖൻ പാമ്പിനെ ചെമ്പിലോടുള്ള ഒരു വീട്ടിലാണ് അവശ നിലയിൽ കണ്ടെത്തിയത്.വിവരമറിയിച്ചതനുസരിച്ച് പിന്നാലെ എത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഇടപെട്ട് പാമ്പിനെ കണ്ണൂർ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.ഒന്നര വയസ്സ് പ്രായമുള്ള മൂർഖൻ കഴിഞ്ഞ നാല് ദിവസത്തെ ചികിത്സയിൽ സുഖം പ്രാപിച്ചതായി അധികൃതർ പറഞ്ഞു.
ഡോ.ഷെറിൻ ബി.സാരംഗിന്റെ ചികിത്സയിലാണ് പാമ്പ് സുഖം പ്രാപിച്ചത്.മഴയിൽ വെള്ളം കയറുന്ന മാളങ്ങളിൽ നിന്ന് പാമ്പുകൾ നാട്ടിലേക്കിറങ്ങുകയാണ്. വിയർപ്പ് ഗ്രന്ഥികൾ ഇല്ലാത്തതിനാൽ തണുപ്പുള്ളപ്പോൾ ചൂടും ചൂടു കൂടുമ്പോൾ തണുപ്പ് തേടിയും പോകും.ഇതാണ് മഴകാലത്ത് പലപ്പോഴും അടുക്കളയിലെ വിറകുകൾക്കിടയിലെല്ലാം പാമ്പുകളെ ധാരളമായി കണ്ടു വരുന്നത്.ശ്രദ്ധിക്കാതെ വിറകെടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്.
അതുകൊണ്ടൊക്കെ തന്നെ പലപ്പോഴും ഇത്തരത്തിൽ നാട്ടിലിറങ്ങുന്ന പാമ്പുകളെ ആളുകൾ തല്ലിക്കൊല്ലാറാണ് പതിവ്.എന്നാൽ പാമ്പുകളോട് ഈ രീതിയിൽ പെരുമാറരുതെന്നാണ് വനം വകുപ്പ് നിർദേശിക്കുന്നത്.ഇത്തരത്തിൽ പാമ്പുകളെ കണ്ടെത്തിയാൽ ഉടൻ വനം വകുപ്പിനോയോ ബന്ധപ്പെട്ട റെസ്ക്യൂ ടീമിനെയോ വിവരമറിയിക്കണം.അവർ വീടുകളിലെത്ത് പാമ്പിനെ സുരക്ഷിതമായി മറ്റ് ഇടങ്ങളിലേക്ക് മാറ്റും