തൃക്കരിപ്പൂർ: വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വരികയായിരുന്ന തൃക്കരിപ്പൂർ വൈദ്യുതി ഓഫീസിന് സ്വന്തം കെട്ടിടമൊരുങ്ങി. ഇളമ്പച്ചി 33 കെ.വി സബ് സ്റ്റേഷനു മുൻവശത്ത്, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുകൊടുത്ത 10 സെന്റിലാണ് വിശാലമായ പുതിയ കെട്ടിടം പണിതിരിക്കുന്നത്. ഈമാസം അവസാനത്തോടെ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രതീക്ഷ.

75 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം പൂർത്തിയാക്കിയത്. അസിസ്റ്റന്റ് എൻജിനീയർ ഓഫീസ്, കാഷ് കൗണ്ടർ, സബ് എൻജിനീയർ ഓഫീസ്, ബില്ലിംഗ് സെക്ഷൻ തുടങ്ങിയ സൗകര്യങ്ങളും മറ്റിതര സ്റ്റാഫിനുള്ള സൗകര്യങ്ങളും പുതിയ കെട്ടിടത്തിലുണ്ട്. പിലിക്കോട് സബ് ഡിവിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ഓഫീസ് 9000 രൂപ മാസ വാടക കൊടുത്താണ് സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നത്. വൈദ്യുതി സെക്ഷൻ ഓഫീസ് നിലവിൽ വന്നതിനുശേഷം മൂന്നാമത്തെ വാടകക്കെട്ടിടമാണിത്.

ഗുണഭോക്താക്കൾ 19,552

ജീവനക്കാർ 28

വേണം തൃക്കരിപ്പൂർ സബ് ഡിവിഷൻ

പിലിക്കോട് സബ് ഡിവിഷൻ വിഭജിച്ച് തൃക്കരിപ്പൂർ കേന്ദ്രമായി സബ് ഡിവിഷൻ ആരംഭിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും ഇതുവരെ ബോർഡിന്റെ അനുമതി ലഭിച്ചിട്ടില്ല. തൃക്കരിപ്പൂർ, വലിയപറമ്പ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന ഗുണഭോക്താക്കളുടെ ആവശ്യങ്ങളിൽ നിലവിൽ പെട്ടെന്ന് ഇടപെടാൻ കഴിയാത്ത അവസ്ഥയാണ്. ജീവനക്കാരുടെ കുറവും ഇതിനു കാരണമാണ്.

കാഷ് കൗണ്ടർ അനുവദിക്കണം

തൃക്കരിപ്പൂർ ടൗണിൽ പ്രവർത്തിക്കുന്ന വൈദ്യുതി ഓഫീസ് കെട്ടിടം ഏകദേശം നാലു കിലോമീറ്റർ ദൂരത്തുള്ള ഇളമ്പച്ചിയിലേക്ക് മാറുന്നതോടെ കുടുതൽ ഗുണഭോക്താക്കളുള്ള വടക്കേ കൊവ്വൽ, എടാട്ടുമ്മൽ, കൊയോങ്കര, നടക്കാവ്, തൃക്കരിപ്പൂർ ടൗൺ തുടങ്ങിയ

മേഖലയിലുള്ളവർക്ക് ബില്ലടയ്ക്കാൻ തൃക്കരിപ്പൂർ ടൗൺ കേന്ദ്രീകരിച്ച് കാഷ് കൗണ്ടർ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

,