മട്ടന്നൂർ: നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വന്നു. കണ്ണൂർ, ഇരിട്ടി റോഡുകളിൽ നിന്നും ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന ചെറുവാഹനങ്ങൾക്ക് മരുതായി റോഡിലേക്ക് നേരിട്ടുള്ള പ്രവേശനം തടയുന്നതാണ് പ്രധാന നിയന്ത്രണം. കാർ, ജീപ്പ്, പിക്കപ്പ് വാൻ, ഇരുചക്ര വാഹനങ്ങൾ, മിനിലോറി എന്നിവ ഇരിട്ടി റോഡിലേക്ക് പോയി മത്സ്യക്കടയ്ക്ക് ശേഷമുള്ള ബൈപ്പാസ് റോഡ് വഴി വൺവേ ആയി മരുതായി റോഡിലേക്ക് പ്രവേശിക്കണം.

ഇരിട്ടി ഭാഗത്ത് നിന്നു വരുന്ന ചെറുവാഹനങ്ങൾ പ്രകാശ് ജംഗ്ഷനിലെത്തി തിരിഞ്ഞ് ബൈപ്പാസ് റോഡ് വഴി മരുതായി റോഡിലേക്ക് പോകാനാണ് നിർദ്ദേശം. ഇന്നലെ മുതൽ മരുതായി റോഡിലേക്കുള്ള പ്രവേശനം തടഞ്ഞതോടെ കണ്ണൂർ, മരുതായി റോഡുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. നിയന്ത്രണം അറിയാതെ എത്തിയവരോട് മരുതായി ജംഗ്ഷനിൽ വച്ചുതന്നെ വാഹനം തിരിക്കാനാവശ്യപ്പെട്ടതോടെയാണ് കുരുക്ക് രൂക്ഷമായത്. ട്രാഫിക് ഡ്യൂട്ടിയിലുള്ള ഹോംഗാർഡിനോട് യാത്രക്കാർ തർക്കിക്കുന്നതും കാണാമായിരുന്നു.

മിനിലോറി ഉൾപ്പടെ കടന്നുപോകേണ്ട ഇരിട്ടി-മരുതായി റോഡിൽ വീതി കുറവായതിനാൽ ഗതാഗതം ദുഷ്‌കരമാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പള്ളിക്ക് പിൻഭാഗത്തായി റോഡിൽ വൻകുഴിയുമുണ്ട്. പ്രവേശനമില്ലെന്ന ബോർഡ് വച്ചിട്ടുണ്ടെങ്കിലും മരുതായി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇതു വഴി അങ്ങോട്ടും പോകുന്നുണ്ട്. ഇതും ഗതാഗതക്കുരുക്കിന് ഇടയാക്കും. നഗരസഭാ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിയന്ത്രണങ്ങൾ. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്ന് പിഴയീടാക്കും.