പഴയങ്ങാടി: 2022-23 വാർഷിക പദ്ധതിക്ക് അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി കല്യാശ്ശേരി. 126 പ്രോജക്ടുകളിയായി 6,60,58,459 രൂപയുടെ വാർഷിക പദ്ധതിക്കാണ് അംഗീകാരം ലഭ്യമായിട്ടുള്ളത്. പാർപ്പിട മേഖലയിൽ ലൈഫ്, പി.എം.എ.വൈ എന്നീ പദ്ധതികൾക്കായി 87,62,323 രൂപയും വനിതാ ഘടക പദ്ധതിക്കായി 63,01,276 രൂപയും വകയിരുത്തി. വനിതകളുടെ ഫിറ്റ്നസ്സ് സെന്റർ, സ്വയം തൊഴിൽ സംരംഭത്തിനു ധനസഹായം തുടങ്ങിയവ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി 58,50,000 രൂപ വകയിരുത്തി. പാലിയേറ്റീവ് പരിചരണം ശക്തിപ്പെടുത്തുന്നതിനായി പാലിയേറ്റീവ് ബ്രിഗേഡ്, ദുരന്തങ്ങളെ നേരിടാൻ ദുരന്ത നിവാരണ സേന എന്നീ പദ്ധതികളും തയ്യാറാക്കി അംഗീകാരം നേടി.