baby-
വാഴ കൃഷി നശിച്ച കർഷകർ മുറിച്ചെടുത്ത കുലകൾ കൂട്ടിയിട്ടത് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സന്ദർശിക്കുന്നു

കൃഷിവകുപ്പ് നിബന്ധനയ്ക്കെതിരെ പ്രതിഷേധം

ചാളക്കടവ് : കാലവർഷക്കെടുതിയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴത്തോട്ടങ്ങളിൽ മാത്രം ഒരു കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. കാലങ്ങളായി മടിക്കൈയുടെ ആധിപത്യം തുടരുന്ന വാഴക്കൃഷി ഇനി തുടരാൻ കഴിയാത്ത സ്ഥിതിയെന്ന വിലയിരുത്തലിലേക്ക് എത്തിനിൽക്കുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

വാഴ കൃഷിയുടെ തകർച്ച നിരവധി കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയത്. എന്നും പുലർച്ചെ എഴുന്നേറ്റ് വാഴത്തോട്ടങ്ങളിലെത്തി വെള്ളം നനച്ച് ശേഷം മറ്റ് ജോലിക്ക് പോകുന്നവരാണ് ഇവിടത്തെ ഭൂരിഭാഗം കർഷകരും. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് മുന്നിൽ കൈമലർത്തുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ. വയലിൽ കൃഷി ചെയ്താൽ നഷ്ടപരിഹാരമോ വിള ഇൻഷൂറൻസോ കിട്ടില്ലെന്നതാണ് തടസമായി വകുപ്പുദ്യോഗസ്ഥർ പറയുന്നത്.

തരിശും വയലും അല്ലാതെ വാഴക്കൃഷി ചെയ്യാൻ മറ്റൊരു സ്ഥലം എവിടെയുമില്ല. നിലപാടിൽ ഉറച്ചുനിൽക്കുന്ന കൃഷിവകുപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് ഇവിടെ നിന്നും ഉയരുന്നത്.

മടിക്കൈ

വാഴ 60 ഹെക്ടർ

വാഴ കർഷകർ- 600

ആകെ വാഴകൾ 1.20 ലക്ഷം

നശിച്ചത് 80,000

നഷ്ടം - ഒരു കോടി

കൃഷിവകുപ്പിന്റെ നിലപാട് കർഷകരെ സഹായിക്കുന്നതാകണം. ഇൻഷുറൻസ് കമ്പനിക്ക് സഹായകരമായ നിലപാട് കൃഷി വകുപ്പ് സ്വീകരിക്കരുത്. വയലുകളിൽ വാഴ കൃഷി ചെയ്യുന്ന കർഷകർക്ക് വിള ഇൻഷുറൻസ് ആനുകൂല്യം നൽകില്ലെന്ന് പറയുന്ന കൃഷിവകുപ്പിന്റെ നിലപാട് പുന:പരിശോധിക്കണം. കൃഷിക്കാരെ സഹായിക്കുന്നതിന് പകരം ഓരോ നിയമങ്ങൾ ഉണ്ടാക്കി കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുകയാണ് കൃഷി വകുപ്പ്-

ബേബി ബാലകൃഷ്ണൻ (ജില്ലാപഞ്ചായത്ത് പ്രസിഡന്റ്)​


മടിക്കൈയിൽ എവിടെയാണ് കരഭൂമി ഉള്ളത്. വയലും തരിശുഭൂമിയും മാത്രമേ ഈ പഞ്ചായത്തിലുള്ളൂ. കേന്ദ്ര നിയമമനുസരിച്ചുള്ള പദ്ധതിയാണ് വിള ഇൻഷുറൻസ് എന്ന വാദം അംഗീകരിച്ചാൽ തന്നെ അതിന്റെ പേരുള്ള വിവേചനം ശരിയല്ല. നഷ്ട പരിഹാരത്തിനപ്പുറം വിള ഇൻഷുറൻസ് കിട്ടിയാൽ കൃഷിക്കാർക്ക് ഏറെ ആശ്വാസമാകും. ഇതിനായി മുഖ്യമന്ത്രി, എം.പി, എം.എൽ.എ എന്നിവർക്കെല്ലാം നിവേദനം നൽകും- എസ്. പ്രീത (പഞ്ചായത്ത് പ്രസിഡന്റ്)​