കാസർകോട്: സർക്കാർ ഫണ്ടുകൾ വെട്ടിക്കുറച്ച് മധൂർ പഞ്ചായത്തിന്റെ വികസപ്രവർത്തനങ്ങളെ കളങ്കപ്പെടുത്താൻ സി.പി.എം ശ്രമിക്കുന്നതായി മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗ്രാമസഭയും വർക്കിംഗ് ഗ്രൂപ്പും ചേർന്നുണ്ടാക്കിയ 2022-23 വർഷത്തെ വികസന രേഖയിൽ ആവശ്യപ്പെട്ട തുകയിൽ സംസ്ഥാന സർക്കാർ വൻ കുറവാണ് വരുത്തിയിരിക്കുന്നത്.
പൊതു പ്ലാൻഫണ്ടിൽ 46,60,000 രൂപയുടെ കുറവാണ് വരുത്തിയപ്പോൾ, പട്ടികജാതി വികസനത്തിൽ 4,32,000 രൂപയും പട്ടിക വർഗ വിഭാഗത്തിൽ 1,19,000 രൂപയുടെ കുറവുമാണ് വരുത്തിയിരിക്കുന്നത്. റോഡ് വികസനത്തിന് 1,87,45,000 രൂപ ആവശ്യമുള്ളടത്ത് 56,73,000 രൂപയാണ് അനുവദിച്ചത്. ഫണ്ടിൽ ക്രമാതീതമായ കുറവ് വന്നതിനാൽ എല്ലാ വാർഡുകൾക്കും ആവശ്യമായ തുക കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ്.
സംസ്ഥാനത്ത് സി.പി.എമ്മിന്റെ ഭരണപരാജയം മറച്ചുവയ്ക്കാനാണ് മധൂർ പഞ്ചായത്തിൽ സി.പി.എം അംഗങ്ങൾ ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. എല്ലാ വാർഡുകളിലെ ജനങ്ങളോടും ജനപ്രതിനിധികളോടും ഭരണസമിതി തുല്യനീതി പുലർത്തുന്നതുകൊണ്ടാണ് കഴിഞ്ഞ 43 വർഷം തുടർച്ചയായി ബി.ജെ.പി മധൂർ പഞ്ചായത്ത് ഭരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രാധാകൃഷ്ണ സൂർളു, ബി.ജെ.പി കാസർകോട് മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ, ജനറൽ സെക്രട്ടറിമാരായ സുകുമാർ കുദ്രേപാടി, ഗുരുപ്രസാദ് പ്രഭു, മധൂർ പഞ്ചായത്ത് ഈസ്റ്റ്, വെസ്റ്റ് പ്രസിഡന്റുമാരായ രവീന്ദ്രറൈ, ചന്ദ്രഹാസ എന്നിവരും സംബന്ധിച്ചു.