കേളകം: കനത്ത മഴയെത്തുടർന്ന് ഭൂമിക്കും വീടുകൾക്കും വിള്ളൽ രൂപപ്പെട്ട കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിൽ ഡെപ്യൂട്ടി കളക്ടർ കെ.എസ്. ജോസഫ് സന്ദർശനം നടത്തി. ഭൂമിക്ക് വിള്ളൽ ഉണ്ടായ പ്രദേശവും വിള്ളൽ രൂപപ്പെട്ട വീടുകളും സന്ദർശിച്ച് പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞാണ് അദ്ദേഹം മടങ്ങിയത്.
അടിയന്തര സാഹചര്യം നേരിടാൻ ക്യാമ്പ് ആരംഭിച്ചാൽ ക്യാമ്പിലേക്ക് മാറില്ലെന്ന് പ്രദേശവാസികൾ ഉറച്ച നിലപാട് സ്വീകരിച്ചതോടെ മറ്റ് മാർഗങ്ങൾ ആലോചിക്കാനും ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. 13 വീടുകൾക്കാണ് നിലവിൽ ഭീഷണി ഉള്ളതെങ്കിലും അടിയന്തരമായി മാറ്റിപാർപ്പിക്കേണ്ട 6 കുടുംബങ്ങൾ ഉണ്ടെന്നും ഇതിൽ ഒരു കുടുംബത്തെ എത്രയും പെട്ടെന്ന് തന്നെ വാടക വീട്ടിലേക്ക് മാറ്റി പാർപ്പിക്കേണ്ടതുണ്ടെന്നും പ്രദേശവാസികൾ ഡെപ്യൂട്ടി കളക്ടറെ ധരിപ്പിച്ചു.
ഇക്കാര്യവും പരിഗണിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ, വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എൻ. സുനീന്ദ്രൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.