sosaity
മടിക്കൈ അമ്പലത്തേരയിലെ സ്വാശ്രയ കർഷക സമിതി കെട്ടിടത്തിന് മുന്നിൽ കർഷകർ എത്തിച്ച പൊട്ടിവീണ നേന്ത്രക്കുലകളുടെ കൂമ്പാരം

ചാളക്കടവ്: മടിക്കൈ പഞ്ചായത്തിലെ നേന്ത്രവാഴ കർഷകർക്ക് കൈത്താങ്ങാകാൻ അമ്പലത്തേര കേന്ദ്രമായി പ്രവർത്തനം തുടങ്ങിയ,​ ഹോർട്ടി കൾച്ചർ മിഷന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന പി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതിയും പ്രകൃതി ചതിച്ചതോടെ കടുത്ത പ്രതിസന്ധിയിൽ.

മടിക്കൈ പഞ്ചായത്തിലെ വാഴ കൃഷിക്കാർക്ക് താങ്ങും തണലുമായിരുന്നു ഈ സൊസൈറ്റി. വിളവെടുപ്പ് നടത്തിയാലുടൻ നേന്ത്രക്കായ മുഴുവൻ കർഷകർ എത്തിച്ചിരുന്നത് ഈ സൊസൈറ്റിയിൽ ആയിരുന്നു. കർഷകർക്ക് കൃഷി നടത്തുന്നതിന് ധനസഹായവും മറ്റ് ആനുകൂല്യങ്ങളും സൊസൈറ്റി നല്കിവന്നിരുന്നു. 22 ഗ്രൂപ്പുകളിലായി 500 ഓളം കൃഷിക്കാർ സൊസൈറ്റിയിൽ അംഗങ്ങളാണ്.

വാഴ കൃഷി മുഴുവൻ കാറ്റിലും വെള്ളത്തിലും നിലംപതിച്ചതോടെ കർഷകർ വെട്ടിയെടുത്ത് എത്തിക്കുന്ന മൂപ്പെത്താത്ത കുലകൾ സൊസൈറ്റി അധികൃതർ മാന്യമായ വില കൊടുത്ത് സംഭരിക്കുമ്പോൾ ആ വില വിപണിയിൽനിന്ന് സൊസൈറ്റിക്ക് കിട്ടാതെ വരികയാണ്. ഇത്തവണ തുടക്കത്തിൽ 62 രൂപ വരെ നൽകി സൊസൈറ്റി നേന്ത്രക്കായ കർഷകരിൽ നിന്ന് വാങ്ങിയിരുന്നു. തുടർന്ന് കാറ്റും മഴയും വന്നതോടെ വില 35 ഉം 40 രൂപയും നൽകിയാണ് സൊസൈറ്റി വാങ്ങിയത്. ഇപ്പോൾ നേന്ത്രക്കായ വിറ്റഴിക്കാൻ സന്നദ്ധ സംഘടനകളുടെ സഹായം തേടി 'വിറ്റഴിക്കൽ ചലഞ്ച്' നടത്തുകയാണ് സൊസൈറ്റി അധികൃതർ.

രണ്ടുകോടിയുടെ നേന്ത്രക്കായ

തിരുവനന്തപുരം, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിലേക്ക് മടിക്കൈ സൊസൈറ്റിയിൽ നിന്ന് നേന്ത്രൻ കയറ്റിപോയിരുന്നു. ഒരു വർഷം രണ്ടുകോടിയുടെ നേന്ത്രക്കായ സൊസൈറ്റി വിപണിയിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 1.20 കോടിയുടെ വിതരണം നടത്തിയിരുന്നു.

സംസ്കരണ കേന്ദ്രം വേണം

സൊസൈറ്റി സംഭരിക്കുന്ന നേന്ത്രക്കായകൾ കൊണ്ട് വിവിധ തരം ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനായി മടിക്കൈ പഞ്ചായത്തിൽ തന്നെ സംസ്കരണ കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. ഇതിനാവശ്യമായ പ്രൊപ്പോസൽ തയ്യാറാക്കി അയച്ചത് സർക്കാരിന്റെ പക്കലുണ്ട്. ഈ വിഷയം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്റെ ശ്രദ്ധയിൽകൊണ്ടുവന്നിരുന്നു. മന്ത്രി കനിഞ്ഞാൽ മടിക്കൈയിലെ വാഴകർഷകർ രക്ഷപ്പെടും.

നേന്ത്രക്കായ സംഭരണത്തിലും കയറ്റി അയയ്ക്കുന്നതിലും ഇതിനകം പ്രശംസ നേടാൻ കഴിഞ്ഞിട്ടുണ്ട്. കർഷകരെ സഹായിക്കുന്നതിന് വേണ്ടിയാണ് സൊസൈറ്റിക്ക് രൂപം കൊടുത്തത്. 15 കൊല്ലം മുമ്പ് തുടങ്ങിയ സൊസൈറ്റി ഇന്ന് സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

-മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കർ

( സൊസൈറ്റി പ്രസിഡന്റ് )