ബങ്കളം: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസം ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ വിദ്യാഭ്യാസരംഗത്ത് മികച്ച മാതൃകയായി മാറണമെന്നും പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂൾ (സി. ബി. എസ്.ഇ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡൽ റസിഡൻസി സ്‌കൂളുകൾ വെറുതെയല്ല എന്നതിന് തെളിവാണ് ഓരോ വർഷവും വരുന്ന എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷ ഫലങ്ങൾ. നൂറു ശതമാനം വിജയമാണ് അവർ കാഴ്ചവെയ്ക്കുന്നത്. മെച്ചപ്പെട്ട പഠനവും മെച്ചപ്പെട്ട ആരോഗ്യവും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കണം. ആരോഗ്യമുള്ള തലമുറയായി അവരെ മാറ്റണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ കുട്ടികൾകൂടി കടന്നുവരണം. ആനുകൂല്യങ്ങളെ കൂടാതെ അറിവും തൊഴിലും വരുമാനവും നേടാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ മുൻ നിരയിൽ അവരെ എത്തിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി. കരിന്തളം ഇ.എം.ആർ.എസ്.എസ് പ്രിൻസിപ്പൽ കെ.വി.രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ എം.എൽ.എ എം. കുമാരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, വൈസ് പ്രസിഡന്റ് വി. പ്രകാശൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം. രാജൻ, ബങ്കളം കുഞ്ഞിക്കൃഷ്ണൻ, കെ.കെ. നാരായണൻ, മുസ്തഫ തായന്നൂർ, നന്ദകുമാർ വെള്ളരിക്കുണ്ട് തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് സബ് കളക്ടർ ഡി.ആർ മേഘശ്രീ സ്വാഗതവും പട്ടികവർഗ വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ. കൃഷ്ണ പ്രകാശ് നന്ദിയും പറഞ്ഞു.
ഭക്ഷണം വിളമ്പി ചേർത്തുനിർത്തി
ഏകലവ്യയിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം വിളമ്പിയും കുട്ടികളോടൊപ്പം ഭക്ഷണം കഴിച്ചും മന്ത്രി കുട്ടികളെ ചേർത്തു നിർത്തി. ഈ വർഷം ആരംഭിക്കുന്ന രണ്ടാമത്തെ സ്‌കൂളാണിത്. സി.ബി.എസ്.ഇ സിലബസിലുള്ള സ്‌കൂളിൽ ആറാം ക്ലാസിലേക്ക് 60 പട്ടികവർഗ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിട്ടുണ്ട്. സെലക്ഷൻ ട്രയൽസ് നടത്തിയാണ് 30 ആൺകുട്ടികൾക്കും 30 പെൺകുട്ടികൾക്കും പ്രവേശനം നൽകിയത്. 12ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. കിനാനൂർ കരിന്തളം പഞ്ചായത്തിൽ 10 ഏക്കർ സ്ഥലം സ്‌കൂളിന് അനുവദിച്ചിട്ടുണ്ട്. ഇവിടെ കെട്ടിട നിർമ്മാണം പൂർത്തിയാകും വരെ മടിക്കൈയിൽ സ്‌കൂൾ പ്രവർത്തിക്കും. അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചു. ഇന്ത്യൻ ഫുട്‌ബാൾ ടീം മുൻ ക്യാപ്റ്റനായ കെ.വി ധനേഷാണ് സ്‌കൂളിന്റെ ടെക്നിക്കൽ ഡയറക്ടർ.