കൂത്തുപറമ്പ്: പതിവ് തെറ്റാതെ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ മെയിൻ റോഡ് ഇക്കുറിയും വെള്ളത്തിലായി. കെ.എസ്.ടി.പി റോഡിലെ അശാസ്ത്രീയ കലുങ്ക് നിർമ്മാണമാണ് മഴക്കാലത്ത് പ്രധാന റോഡിൽ വെള്ളം കെട്ടിനിൽക്കാനിടയാക്കുന്നത്. തലശ്ശേരിയിൽ നിന്നും ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് പോകുന്ന അന്തർസംസ്ഥാന പാതയിലാണ് വെള്ളം കയറിയിട്ടുള്ളത്.
ദീർഘദൂര ബസുകളും ചരക്ക് വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന പ്രധാനറോഡാണിത്. ഈ റോഡിന്റെ ഭാഗമായുള്ള തലശ്ശേരി മുതൽ വളവുപാറ വരെയുള്ള ഭാഗം കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത കാലത്തായി നവീകരിച്ചിരുന്നു. ഡ്രൈനേജ് സംവിധാനം ഉൾപ്പെടെ പരിഷ്ക്കരിച്ചായിരുന്നു നവീകരണം. എന്നാൽ തൊക്കിലങ്ങാടി പഴയ ടാക്കീസിന് സമീപം അശാസ്ത്രീയമായി കലുങ്ക് നിർമ്മിച്ചതാണ് റോഡിലെ വെള്ളക്കെട്ടിന് കാരണം.
പാലാഴി ഭാഗത്തു നിന്നും തോട്ടിലൂടെ ഒഴുകി എത്തുന്ന വെള്ളമാണ് റോഡിൽ കെട്ടിനിൽക്കുന്നത്. തോടിന് സമാന്തരമായി കലുങ്ക് നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിനിടയാക്കുന്നത്. റോഡിന്റെ പകുതിയിലേറെയും വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനയാത്രയും ദുഷ്ക്കരമാണ്.
പൊറുതി മുട്ടി വ്യാപാരികൾ
വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്കാണ് വെള്ളം ഇരച്ചുകയറുന്നത്. അതോടൊപ്പം ആളുകൾ ഇതുവഴിയുള്ള കാൽനടയാത്രയും ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. മഴക്കാലത്ത് സ്ഥിരമായി ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത് സമീപത്തെ വ്യാപാരികൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മഴക്കാലമായാൽ പിന്നെ ഹോട്ടൽ ഉൾപ്പെടെ കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വെള്ളക്കെട്ട് കാരണം വലിയ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് വ്യാപാരികളും പറയുന്നത്.
പരാതികളെല്ലാം 'വെള്ളത്തിലായി"
നാട്ടുകാർ ഇതുസംബന്ധിച്ച് പൊതുമരാമത്ത് അധികൃതർക്കും നഗരസഭാ അധികൃതർക്കും നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ നടപടികളൊന്നും തന്നെ ഇതുവരെയും ഉണ്ടായിട്ടില്ല. കെ.എസ്.ടി.പി റോഡിലെ തൊക്കിലങ്ങാടിയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാവണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.