നീലേശ്വരം: റോഡിൽ നിന്നും നിയന്ത്രണം വിട്ട് ചിറയിലേക്ക് മറിഞ്ഞ ഓട്ടോ റിക്ഷ മുങ്ങിയെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. നീലേശ്വരം മെയിൻ ബസാറിലെ ബനാന മർച്ചന്റ് മടിക്കൈ മേക്കാട്ട് കണ്ണിപൊയിലിലെ വേണുവിന്റെ കെ.എൽ 60 1537 ഓട്ടോറിക്ഷയാണ് നീലേശ്വരം കോവിലകം ചിറയിൽ മറിഞ്ഞ് മുങ്ങിയത്.
ഓട്ടോറിക്ഷ ഓടിച്ച വേണുവിന്റെ കടയിലെ ജീവനക്കാരൻ റിയാസ് റിക്ഷ ചിറയിലേക്ക് മറിയുമ്പോൾ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. തൊട്ടടുത്ത ഹോട്ടലിലേക്ക് ഊണ് കഴിക്കാൻ പോകുമ്പോഴാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പിന്നീട് ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ പൊക്കിയെടുത്തു.
കോവിലകം ചിറ കരകവിഞ്ഞാൽ റോഡുംചിറയും തമ്മിൽ കാണാൻ പറ്റാത്ത സ്ഥിതിയാണ്. രണ്ടു ദിവസം മുമ്പ് ചിറകവിഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകി കിഴക്കൻ കൊഴുവൽ പ്രദേശം വെള്ളത്തിൽ മുങ്ങിയിരുന്നു. കോവിലകം ചിറയുടെ ചുറ്റുപാടും വേലി കെട്ടി സംരംക്ഷിക്കണമെന്ന് നാട്ടുകാർ പലതവണ നഗരസഭയോട് പറഞ്ഞിരുന്നു. കോവിലകം ചിറയുടെ ചുറ്റുപാടുമുള്ള കാട് വെട്ടിത്തെളിയിച്ചാൽ തന്നെ അപകടം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നും മുൻ പഞ്ചായത്തംഗം ബാബു എൻ. പ്രഭു പറഞ്ഞു.