തലശ്ശേരി: നഗരസഭയുടെ കീഴിലുള്ള പഴയ ബസ് സ്റ്റാൻഡിലെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് ചോർന്നൊലിക്കുകയാണ്. വൈദ്യുതി വയറിംഗുള്ള ചുമരുകൾ കുതിർന്ന് കിടക്കുന്നു. സർക്കാർ ഓഫീസുകളടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഈ ബഹുനില കെട്ടിട സമുച്ചയത്തിന്റെ
ഏണിപ്പടികൾ കയറണമെങ്കിൽ കുട പിടിക്കേണ്ട അവസ്ഥയാണ്.
കാലവർഷം തുടങ്ങിയതു മുതൽ അനുഭവപ്പെട്ടു തുടങ്ങിയ ചോർച്ച ഇപ്പോൾ രൂക്ഷമായി. കെട്ടിടത്തിന്റെ എല്ലാ നിലകളിലെയും സ്ഥിതി ദയനീയമാണ്. ഏറ്റവും മുകളിലെ നിലയിലും ഇവിടേക്ക് കയറി വരാനുള്ള ഗോവണിയുടേയും അവസ്ഥയാണ് കൂടുതൽ പരിതാപകരം.
കുട നിവർത്തിയില്ലെങ്കിൽ ധരിച്ച വസ്ത്രങ്ങളുടെ നിറം തന്നെ ചിലപ്പോൾ മാറിയേക്കും. വിവിധ സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളും ബാങ്കുകൾ, പ്രസ് ഫോറം, വിവിധ മാദ്ധ്യമ ബ്യൂറോകൾ, സഹകരണ പ്രസ്, ലൈബ്രറി കൗൺസിൽ താലൂക്ക് ഓഫീസ്, ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫീസ്, ട്യൂഷ്യൻ സെന്റർ, ട്രാവൽ ഏജൻസി, തുന്നൽ കടകൾ, പഴം പച്ചക്കറി സഹകരണ സംഘം ഓഫീസ്, കൂടാതെ വിവിധ വ്യാപാര സ്ഥാപനങ്ങളും കോംപ്ളക്സിലുണ്ട്.
ഏതാനും വർഷം മുൻപ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടത്തിന്റെ മുകളിൽ ആസ്ബസ്റ്റോഴ്സ് ഷീറ്റ് പാകിയിരുന്നെങ്കിലും, തൊട്ടടുത്ത വർഷത്തെ മഴയിൽ തന്നെ തൊട്ടുതാഴെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ചോർച്ച തുടങ്ങിയിരുന്നു. കടയുടമകൾ നഗരസഭക്കെതിരെ സമരത്തിനൊരുങ്ങുകയാണ്.