കാഞ്ഞങ്ങാട്: ന്യായാധിപന്മാരില്ലാതെ ഹൊസ്ദുർഗിലെ വിവിധ കോടതികൾ. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി, ഹൊസ്ദുർഗ് മുൻസിഫ് കോടതി, ഭീമനടി ഗ്രാമ ന്യായാലയം എന്നിവിടങ്ങളിലാണ് ന്യായാധിപന്മാരില്ലാത്തത്. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് കോടതി ചുമതല ഒന്നാം ക്ലാസ് കോടതി രണ്ടിനാണ്. കാസർകോട്ടുള്ള മുൻസിഫ് ആഴ്ചയിൽ മൂന്നു ദിവസം ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ ചുമതലയേൽക്കുന്നു. ഇവർ തന്നെ മാസത്തിൽ ഒരു ദിവസം ഭീമനടി ഗ്രാമ ന്യായാലയത്തിലും പോകും. മൂന്ന് മാസം മുൻപ് വരെ ആഴ്ചയിൽ രണ്ട് ദിവസം ഹൊസ്ദുർഗ് മുൻസിഫ് ആയിരുന്ന ആർ.എം. സൽമത്ത് സിറ്റിംഗിനെത്തിയിരുന്നു. എറണാകുളം മജിസ്‌ട്രേറ്റായി സൽമത്ത് സ്ഥലം മാറിയതോടെയാണ് ആഴ്ചയിൽ രണ്ടു ദിവസമെന്നത് മാസത്തിൽ ഒരു ദിവസമായത്.

ജീവനക്കാർ കൃത്യമായി കോടതിയിലെത്തുമ്പോഴും ന്യായാധികാരിയില്ലാത്തത് മൂലം കേസുകളിലെ വിചാരണ നടപടികൾ നീളുന്നുണ്ട്. നിലവിൽ 400 ലേറെ കേസുകൾ കെട്ടികിടക്കുന്നു. ഭീമനടി ബസ് സ്റ്റാൻഡിന് സമീപത്തെ ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് കോടതി പ്രവർത്തിക്കുന്നത്.

രാജപുരം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനുകളിലെ കേസുകളാണ് ഭീമനടി കോടതിയുടെ പരിഗണനക്ക് വരുന്നത്. രണ്ടുവർഷത്തിൽ താഴെ ശിക്ഷ വിധിക്കാവുന്ന കേസുകളാണ് ഗ്രാമീണ കോടതിയിൽ കൈകാര്യം ചെയ്യുക. ഗാർഹികപീഡന കേസുകൾ, ഒരു ലക്ഷം രൂപവരെ ശിക്ഷ വിധിക്കാവുന്ന സിവിൽ കേസുകൾ എന്നിവയ്ക്ക് ഗ്രാമീണ കോടതിയെ സമീപിക്കാം.

അഭിഭാഷകരും വിഷമത്തിലാണ്

2016ലാണ് ഭീമനടിയിൽ ഗ്രാമീണ കോടതി സ്ഥാപിതമായത്. ന്യായാധിപന്മാരില്ലാത്തത് അഭിഭാഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒന്നാം ക്ലാസ് കോടതിയിൽ മജിസ്‌ട്രേറ്റ് ഇല്ലാത്തതു കേസ് വിചാരണകളെ ബാധിക്കുന്നുണ്ട്. കേസുകൾ കെട്ടിക്കിടക്കുന്നത് കക്ഷികൾക്കും നീതി വൈകാൻ കാരണമാകും.

കോടതികളിൽ ന്യായാധിപന്മാരില്ലാത്തത് അഭിഭാഷകർക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അസോസിയേഷന്റെ സമ്മർദ്ദത്തെ തുടർന്നാണ് മുൻസിഫ് കോടതിയിൽ മൂന്നു ദിവസമെങ്കിലും മുൻസിഫ് എത്തി തുടങ്ങിയത്.
ഹൊസ്ദുർഗ് ബാർ അസോ.

പ്രസിഡന്റ് എൻ. രാജ് മോഹനൻ