3palam
മൂന്നാംപാലം നിർമ്മാണ പ്രവൃത്തി വിലയിരുത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ സ്ഥലത്തെത്തിയപ്പോൾ

കണ്ണൂർ: കണ്ണൂർ- കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം നിർമ്മാണം യുദ്ധകാലടിസ്ഥാനത്തിലാക്കി. പാലം നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലികമായി വലിയ തോടിന് കുറുകെ നിർമ്മിച്ച അപ്രോച്ച് റോഡ് വെള്ളപ്പൊക്കത്തെ തുടർന്ന് മുറിച്ചു കളഞ്ഞിരുന്നു. വെള്ളപ്പൊക്കത്തിന് ശമനമുണ്ടായിട്ടുണ്ട്. മൂന്നാംപാലത്തെ വലിയതോട് കരകവിഞ്ഞൊഴുകിയതിനാൽ വീടുകളിലേക്കും പറമ്പുകളിലേക്കും കയറിയ വെള്ളമിറങ്ങിയത് പ്രദേശവാസികൾക്ക് ആശ്വാസകരമായിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ചാണ് വാഹനങ്ങൾക്ക് പോകാനായി നിർമ്മിച്ച താൽക്കാലിക റോഡ് കഴിഞ്ഞദിവസം മുറിച്ചു മാറ്റിയത്.

നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ കണ്ണൂർ, കൂത്തുപറമ്പ്, തലശേരി, ചക്കരക്കൽ എന്നിവടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരാഴ്ച കൊണ്ടു റോഡ് നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കാനാണ് പൊതുമരാമത്ത് (ബ്രിഡ്ജ്സ്) വകുപ്പിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രവൃത്തിയാണ് ഇവിടെ നടന്നുവരുന്നത്. പാലം റോഡിന്റെ ഒരുവശത്ത് കോൺക്രീറ്റ് പ്രവൃത്തി ചെയ്തുവരികയാണ്. കൈവരി നിർമ്മാണം പൂർത്തിയായിട്ടുണ്ട്. മഴ അൽപമൊന്ന് മാറിയാൽ സ്ളാബിടൽ പ്രവൃത്തിതുടങ്ങും. ഇതോടെ പാലത്തിലൂടെ വാഹനഗതാഗതം അനുവദിക്കും. മൂന്നാംപാലം നിർമ്മാണ പ്രവൃത്തി വിലയിരുത്താൻ കളക്ടർ എസ്. ചന്ദ്രശേഖർ ഇന്നലെ രാവിലെ സ്ഥലത്തെത്തി. പാലം നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമന്ന് കളക്ടർ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് നിർദ്ദേശിച്ചു. ജില്ലാപഞ്ചായത്തംഗം എൻ.പി ശ്രീധരൻ വെള്ളപൊക്കം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും പാലം നിർമ്മാണം നീണ്ടുപോകുന്നതിലെ ആശങ്കയും കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. പെരളശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ, വൈസ് പ്രസിഡന്റ് വി. പ്രശാന്ത്, മെമ്പർ സി.ബാബു തുടങ്ങിയവരും കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തി.