പാനൂർ: പന്ന്യന്നൂർ പഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട് വിപുലമായ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം ആഗസ്റ്റ് ഒന്നു മുതൽ കർശനമായി പാലിക്കാൻ തീരുമാനമായി. 10,000 രൂപയും, കുറ്റം ആവർത്തിച്ചാൽ 50,000 രൂപ വരെ പിഴ ഈടാക്കും. രണ്ടിലധികം തവണ കുറ്റം ആവർത്തിച്ചാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.
പഞ്ചായത്തിന്റെയും, അനുബന്ധ സ്ഥാപനങ്ങളുടെയും വിവിധ സേവനങ്ങൾക്കായി അപേക്ഷയോടൊപ്പം ഹരിത കാർഡിന്റെ കോപ്പി സമർപ്പിക്കണം. വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ ഹരിത പ്രോട്ടോകോൾ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും യോഗത്തിൽ തീരുമാനമായി. മദ്യപാനം പുകവലി എന്നിവ ഇല്ലാതിരുന്നിട്ടും കാൻസർ വന്നതും, അതിജീവിച്ചതും അഞ്ചാം വാർഡംഗം കെ.ബിജു യോഗത്തിൽ വിവരിച്ചു. ഹരിത കേരളം മിഷൻ ആർ.പി ലത കാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രമ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീരാമകൃഷ്ണൻ, വി.ഇ.ഒ മധു, വാർഡംഗങ്ങളായ കെ.കെ മണിലാൽ, കെ.കെ സുരേന്ദ്രൻ, എം.വി ബീന സംസാരിച്ചു.