കാസർകോട്: മുളിയാർ, കാറഡുക്ക ഗ്രാമപഞ്ചായത്തുകളിൽ ക്ഷീരവികസന പദ്ധതിയുടെ മറവിൽ ആസൂത്രിതമായ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തി. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇൻസ്പെക്ടർ വളരെ വിദഗ്ദ്ധമായി ക്ഷീര കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ. 2021-22 സാമ്പത്തിക വർഷത്തിൽ നടത്തിയ പശു വിതരണ പദ്ധതിയിലാണ് തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തിയത്.

സബ്സിഡിയായി ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ടുന്ന തുക മാസങ്ങൾ കാത്തിരുന്നിട്ടും ലഭിക്കാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ സ്വന്തക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തിച്ച് തട്ടിയെടുത്തതായി സൂചന ലഭിക്കുകയായിരുന്നു. ഗുണഭോക്താവിന് നേരിട്ട് സബ്സിഡി തുക നൽകുന്നതിന് പകരം പശുവിനെ വിൽക്കുന്നയാളുടെ അക്കൗണ്ടിലേക്ക് പണം എത്തുമെന്നായിരുന്നു വിശ്വസിപ്പിച്ചത്. തുക അനധികൃതമായി സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി, കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ എന്നിവരാണ് കാസർകോട് വിജിലൻസിന് പരാതി നൽകിയത്.