നീലേശ്വരം: മഴക്കാല രോഗങ്ങളും വൈറൽ പനിയും കാരണം നീലേശ്വരം ഗവ. താലൂക്ക് ആശുപത്രിയിൽ ദിനംപ്രതി രോഗികളുടെ തിരക്ക് വർദ്ധിക്കുമ്പോൾ ആവശ്യത്തിനു ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്നു. രാത്രിയിൽ എത്തുന്ന രോഗിർകളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
രാത്രിയിൽ നിലവിലുള്ള ഡോക്ടറെ കൂടാതെ രണ്ടാമതൊരു ഡോക്ടറെ നിയമിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നെങ്കിലും ഞായറാഴ്ച വൈകുന്നേരം എത്തിയ രോഗികൾക്ക് ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചത്. ഇതു മൂലം പനി പിടിച്ചെത്തിയ കുട്ടികൾ മുതൽ പ്രായമായവർക്കുവരെ ഏറെ നേരെ കാത്തിനിന്നാണ് ഡോക്ടറെ കാണാനായത്. കൂടുതൽ അവശരായവർ തിരക്ക് കാരണം സ്വകാര്യ ആശുപത്രിയിലേക്ക് പോയി.
ഡോക്ടറുടെ പരിശോധന കഴിഞ്ഞാൽ മരുന്ന് മറ്റൊരു സ്ഥലത്തായതിനാൽ രാത്രി ഇവിടെക്ക് ഇരുട്ടത്ത് തപ്പിത്തടഞ്ഞ് എത്തേണ്ടതും രോഗികൾക്ക് പരീക്ഷണമാവുകയാണ്. ചുമക്കുള്ള മരുന്നിനായി അമ്പത് മീറ്റർ അകലെയുള്ള കടയിൽ നിന്ന് റോഡ് മുറിച്ച് കടന്ന് കുപ്പി വാങ്ങി തിരികെ വന്ന് മരുന്ന് വാങ്ങണ്ട അവസ്ഥയാണ്.
കോടികൾ മുടക്കി ആശുപത്രിക്ക് പുതിയ കെട്ടിടം പണിതിട്ടുണ്ടെങ്കിലും രാവിലെ മുതൽ പഴയ കെട്ടിടത്തിൽ തന്നെയാണ് ഡോക്ടർമാരുടെ പരിശോധന. പരിശോധനയും ഫാർമസിയും പുതിയകെട്ടിടത്തിലേക്ക് മാറ്റിയാൽ രോഗികളുടെ ദുരിതം അവസാനിക്കുകയുള്ളു.
300 രോഗികൾ
ദിവസേന മുന്നൂറോളം രോഗികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നു. ആവശ്യത്തിന്റെ മൂന്നിലൊന്നു മാത്രമാണ് ഡോക്ടർമാരുടെ എണ്ണം. സൂപ്രണ്ട്, അഞ്ച് അസിസ്റ്റന്റ് സർജന്മാർ, അത്യാഹിത വിഭാഗത്തിൽ നാല് മെഡിക്കൽ ഓഫീസർമാർ, ഒരു ശിശുരോഗ വിദഗ്ദ്ധൻ, ഒരു ഫിസിഷ്യൻ, ഒരു സ്ത്രീരോഗവിദഗ്ദ്ധ, ഒരു ദന്ത ഡോക്ടർ എന്നിങ്ങനെയാണ് നിലവിലുള്ള തസ്തികകൾ. കൂടുതൽ തസ്തികകൾ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നുവരുന്നുണ്ട്.
മഴക്കാല രോഗം കൂടിയതിനാൽ ഒരു ഡോക്ടറെ നഗരസഭ നിയമിച്ചിട്ടുണ്ട്. മറ്റ് ഒഴിവുകൾ സർക്കാർ നികത്തേണ്ടതാണ്.
ടി.പി. ലത, ആരോഗ്യ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ, നീലേശ്വരം നഗരസഭ