1
ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ അഷ്‌റഫിന്റെ നേതൃത്വത്തിൽ പിലിക്കോട് മഹേശ്വരി മില്ലിലെ മരങ്ങൾ അളക്കുന്നു

കാസർകോട് : പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ നിന്നും ലക്ഷങ്ങൾ വില വരുന്ന തേക്കുമരങ്ങൾ ഉൾപ്പെടെ മുറിച്ചു കടത്തിയത് സംബന്ധിച്ച് വനം വകുപ്പ് അന്വേഷണം ഊർജിതമാക്കി. നടപടിക്രമങ്ങൾ പാലിക്കാതെയും വനം വകുപ്പിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുമാണ് കോളേജ് വളപ്പിൽ നിന്ന് മരങ്ങൾ മില്ലിൽ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാസർകോട് ഡി.എഫ്.ഒ പി.ബിജുവിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.അഷറഫിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം ഇന്നലെയും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ഇത് തെളിഞ്ഞത്.

തിരുമുമ്പ് ഭവനത്തിലേക്കുള്ള ഫർണിച്ചറിന് വേണ്ടിയാണ് മരങ്ങൾ മട്ടലായിയിലെ മഹേശ്വരി മില്ലിൽ എത്തിച്ചതെന്നാണ് കാർഷിക കോളേജ് അധികൃതർ വനംവകുപ്പിന് നൽകിയ വിശദീകരണം.തിരുമുമ്പ് ഭവനപദ്ധതി നിലവിൽ വരുന്നതിനും എത്രയോ മുമ്പാണ് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിരുന്നത്.

ഇതിനായി രണ്ടുതവണ ലേലംവച്ചിരുന്നെങ്കിലും നടന്നിരുന്നില്ല. മാസങ്ങൾക്ക് ശേഷമാണ് ഒരു കോടിയിലേറെ വരുന്ന തിരുമുമ്പ് ഭവന പദ്ധതി വരുന്നത്. തിരുമുമ്പ് ഭവനത്തിന് വേണ്ടിയാണ് മരംമുറിച്ചതെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണ്ടെത്തൽ.

ഇന്നലെ മില്ലിൽ എത്തിയ റേഞ്ച് ഓഫീസർ അഷ്റഫും സംഘവും പിടികൂടിയ മരങ്ങൾ അളന്നു തിട്ടപ്പെടുത്തി. കാർഷിക കോളേജിൽ നിന്നാണ് മരങ്ങൾ കൊണ്ടുവന്നതെന്ന മില്ലിന്റെ മാനേജർ നൽകിയ മൊഴി പ്രകാരം വനംവകുപ്പ് ഉദ്യോഗസ്ഥർ ഗവേഷണ കേന്ദ്രത്തിൽ തിരുമുമ്പ് ഭവനത്തിന്റെ നിർമ്മാണം നടക്കുന്ന ഭാഗത്തെത്തി മരങ്ങൾ മുറിച്ചുമാറ്റിയ കുറ്റികൾ പരിശോധിച്ച് ഉറപ്പുവരുത്തി. പിന്നീട് അസോസിയേറ്റ് ഡയറക്ടർ ഡോ.ടി.വനജയിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. പഴയ അനുമതിയുടെയും പുതിയ ഉത്തരവിന്റെയും രേഖകൾ റേഞ്ച് ഓഫീസർ പരിശോധിച്ചു. ഫാം സൂപ്രണ്ടിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

ലേലത്തിന് അനുമതി 2021 ൽ
കാർഷിക കോളേജിലെ മരങ്ങൾ ലേലം ചെയ്തു വിൽക്കുന്നതിന് അനുമതി വാങ്ങിയത് 2021 ഡിസംബറിൽ ആയിരുന്നു. ഫാം ടൂറിസത്തിന്റെ ഭാഗമായുള്ള പദ്ധതികൾ അംഗീകരിക്കുന്ന കൂട്ടത്തിൽ കാർഷിക സർവ്വകലാശാല ഗവേണിംഗ് ബോർഡി ഇതിന് അംഗീകാരവും നൽകി. പക്ഷെ ലേലം ചെയ്തു വിൽക്കാൻ കഴിഞ്ഞില്ല. ലേലം നടക്കാത്തതിനാൽ 2022 മേയ് മാസം ഫർണ്ണിച്ചർ ഉണ്ടാക്കുന്നതിന് അസോസിയേറ്റ് ഡയറക്ടർ ഉത്തരവ് ഇറക്കുകയായിരുന്നു.

നടപടിയെടുക്കേണ്ടത് സർക്കാരും സർവകലാശാലയും

അതിനിടെ കാർഷിക ഗവേഷണകേന്ദ്രം വളപ്പിൽ നിന്നും വേറെയും മരങ്ങൾ മുറിച്ചതായി വിവരം പുറത്തുവരുന്നുണ്ട്. നമ്പർ ഇട്ടതിനു പുറമെ നാല് വലിയ തേക്ക് മരങ്ങൾ കൂടി മുറിച്ചുമാറ്റിയിട്ടുണ്ട്. സംഭവത്തിൽ കാർഷിക സർവ്വകലാശാല വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തിയിരുന്നു.

നിയമ പ്രകാരമുള്ള അനുമതി വാങ്ങി തന്നെയാണ് എല്ലാ കാര്യങ്ങളും ചെയ്യാനുള്ളത്. രണ്ട് തവണ ലേലത്തിന് വെച്ചിട്ടും ആരും വരാതിരുന്നതിനെ തുടർന്നാണ് ഈ മരങ്ങൾ ബാക്കിയായത്. ഉണങ്ങി ദ്രവിച്ചു പോകുമെന്ന അവസ്ഥയിൽ എത്തിയപ്പോൾ ആണ് തിരുമുമ്പ് പഠന ഗവേഷണ കേന്ദ്രത്തിന് ഗേറ്റും ഓഡിറ്റോറിയത്തിന് മേൽക്കൂരയും പഴയ കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഷെഡും പണിയാൻ മില്ലിൽ കൊടുത്ത് ഉരുപ്പടി ആക്കിയെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 15 ന് പ്രവൃത്തി ദിനത്തിൽ തോട്ടത്തിലെ തൊഴിലാളികൾ തന്നെയാണ് മരങ്ങൾ മില്ലിൽ എത്തിച്ചത്. ഇതിൽ അനധികൃതമായി കടത്തുന്ന പ്രശ്നമേ ഉണ്ടാകുന്നില്ല. ഡോ. ടി.വനജ (അസോസിയേറ്റ് ഡയറക്ടർ പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം )