പയ്യന്നൂർ: നഗരസഭ മൂരിക്കൊവ്വലിൽ നിർമ്മിച്ച വാതക ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി. 61.50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശ്മശാനത്തിൽ 28 ലക്ഷം രൂപ ചെലവിൽ സ്റ്റീൽ ഇൻവെസ്റ്റേഴ്സ് കേരളയാണ് ഗ്യാസ് ജനറേറ്ററും ഫർണസും മറ്റും ഒരുക്കിയത്. ശവദാഹവുമായി എത്തുന്നവർക്ക് ഇരിക്കാനും മറ്റുമായി പ്രത്യേകം കെട്ടിടം, ഇന്റർലോക്ക് ചെയ്ത് സുന്ദരമാക്കിയ മുറ്റം, വെയിലും മഴയും കൊള്ളാതെ മുഴുവനായി ഷീറ്റ് മേഞ്ഞ മേൽക്കൂര, അനുശോചനയോഗവും മറ്റും നടത്താനുള്ള വേദി, ഇരിപ്പടങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പയ്യന്നൂരിലെ ഒരു കൂട്ടം കലാകാരൻമാർ ചുമർ ചിത്രങ്ങൾ വരച്ച് കെട്ടിടം മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് പൊതുശ്മശാനങ്ങൾ അതേപടി നിലനിർത്തി കൊണ്ടാണ് പുതുതായി ഗ്യാസ് ക്രിമിറ്റോറിയം നിർമ്മിച്ചിട്ടുള്ളത്. ശ്മശാനം പ്രവർത്തനം സംബന്ധിച്ച് തയ്യാറാക്കിയ കരട് ബൈലോ കഴിഞ്ഞ ദിവസം നടന്ന നഗരസഭ കൗൺസിൽ യോഗം ചർച്ച ചെയ്യുകയും ആക്ഷേപ - അഭിപ്രായങ്ങൾ ക്ഷണിച്ച് കൊണ്ട് ബൈലോ പ്രസിദ്ധപ്പെടുത്തുന്നതിന് തീരുമാനിക്കുകയും ചെയ്തു.
കരട് ബൈലോ പ്രകാരം പൊതു വിഭാഗത്തിൽ ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 3500 രൂപയും പിന്നാക്ക വിഭാഗക്കാർക്ക് 3000 രൂപയുമാണ് ചാർജ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ വല്ല ഏറ്റക്കുറച്ചിലുകളോ കരട് ബൈലോവിൽ പറയുന്ന മറ്റ് വ്യവസ്ഥകളിൽ മാറ്റം വല്ലതും വരുത്തേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊതുജനാഭിപ്രായം കൂടി പരിഗണിച്ച് കൗൺസിൽ അംഗീകരിച്ച് കഴിഞ്ഞാൽ ശ്മശാനം പ്രവർത്തനം ആരംഭിക്കാൻ കഴിയും. ഇതിനിടയിൽ മന്ത്രിയെ കൊണ്ട് ഒദ്യോഗികമായി ഉദ്ഘാടനം ചെയ്യിക്കാനാണ് നഗരസഭ ശ്രമം നടത്തുന്നത്.