വലിയ മത്സരങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വ്യത്യസ്തമായ ചലച്ചിത്രാനുഭവം മലയാള സിനിമാ പ്രേക്ഷകർക്ക് പകർന്നു നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം

kp

മലയാള സിനിമയിൽ നവീന ഭാവുകത്വത്തിന് തുടക്കം കുറിച്ച ചലച്ചിത്രകാരൻമാരിൽ പ്രമുഖനായ കെ.പി.കുമാരനെ തേടിയെത്തിയ ജെ.സി. ഡാനിയൽ പുരസ്കാരത്തിന് ഇരട്ടി മധുരമാണ്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിച്ച സ്വയംവരത്തിന്റെ അമ്പതാം വാർഷികവേളയിൽ ആ ചിത്രത്തിന്റെ സഹരചയിതാവിന് കിട്ടുന്ന അംഗീകാരം കൂടിയാണിത്. ഇതിനു പുറമെ അദ്ദേഹം തന്നെ സംവിധാനം ചെയ്ത റോക്കിന്റെ അമ്പതാം വാർഷികം കൂടിയാണിത്. അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ വെറും പത്ത് സിനിമകൾ മാത്രമാണ് കെ.പി.കുമാരന്റേതായി പിറന്നത്. ജെ.സി. ഡാനിയൽ പുരസ്കാരം നേടിയ അദ്ദേഹത്തോടൊപ്പം ഏതാനും നിമിഷങ്ങൾ.

ജെ.സി. ഡാനിയൽ പുരസ്കാരം ലഭിച്ചപ്പോൾ എന്തു തോന്നി?

സിനിമകൾ ചെയ്യുമ്പോൾ മറ്റൊന്നും എന്റെ മുന്നിലുണ്ടായിരുന്നില്ല. അവാർഡിന് വേണ്ടി സിനിമ ചെയ്യുന്ന ആളുമല്ല ഞാൻ. ജെ.സി. ഡാനിയൽ പുരസ്കാരം വലിയ അംഗീകാരം തന്നെയാണ്.അവാർഡ് ഒരു ഒറ്റമൂലി മാത്രമാണ്. അതുകൊണ്ടു മാത്രം എല്ലാ പ്രശ്നങ്ങളും തീരുമെന്നു വിശ്വസിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം സിനിമ എല്ലാവരും കാണുന്നതാണ് വലിയ അംഗീകാരമായി കാണുന്നത്.

ഗ്രാമവ‌ൃക്ഷത്തിലെ കുയിലിന് നല്ല പ്രതികരണം ലഭിച്ചോ?

പുതുതലമുറയിലുള്ള ചലച്ചിത്ര പ്രവർത്തകർക്കൊന്നും എന്നെ അത്ര പരിചയം കാണില്ല.അതുകൊണ്ടുതന്നെ ആശാന്റെ ജീവിതം സിനിമയാക്കാൻ ഇറങ്ങിയപ്പോൾ കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു, ഏതാനും പേരൊഴികെ മറ്റുള്ളവരെല്ലാം സിനിമയെ തിരസ്കരിക്കാൻ മത്സരിക്കുകയായിരുന്നു.തിയറ്ററുകൾ പോലും ഈ ചിത്രത്തോട് മുഖം തിരിച്ചു.

സ്വയംവരത്തിന്റെ അമ്പതാം വാർഷിക വേളയാണല്ലോ.

താങ്കളെ തഴഞ്ഞോ?

എനിക്ക് അതിലൊന്നും ഒരു വിഷമവുമില്ല. സ്വയംവരത്തിന്റെ രജതജൂബിലി വേളയിലും ഇതേ അനുഭവം തന്നെയായിരുന്നു.ഞാനും കൂടി സഹകരിച്ച ചിത്രമാണ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സ്വയംവരം. അക്കാലത്ത് എൽ. ഐ.സിയിൽ ജോലിയുണ്ടായിരുന്ന ഞാൻ വരുന്നതും കാത്ത് അടൂർ എന്റെ തിരുവനന്തപുരത്തെ വീട്ടിനടുത്തുണ്ടാകും. എന്നിട്ട് രാത്രി വൈകും വരെ ഈ സിനിമയെ കുറിച്ച് ചർച്ച ചെയ്തിരുന്നു. ദിവസങ്ങളോളം നീണ്ട ചർച്ചയിൽ നിന്നാണ് സ്വയംവരം പിറക്കുന്നത്. എന്നിട്ടും ആ സിനിമയ്ക്ക് പിന്നിൽ ഞാൻ വെറും കേട്ടെഴുത്തുകാരനായിരുന്നുവെന്നു അടൂർ പറഞ്ഞത് എന്നെ വേദനിപ്പിച്ചുവെങ്കിലും അത്തരം വിവാദങ്ങളിലേക്ക് കടക്കാനൊന്നും ഞാനില്ല.

അരനൂറ്റാണ്ട് കാലത്തെ സിനിമാ ജീവിതത്തിലേക്ക്

തിരിഞ്ഞു നോക്കുമ്പോൾ?

എന്റെ സമകാലീകരായ ചലച്ചിത്ര പ്രവർത്തകരുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ സിനിമാ ജീവിതം വലിയ സന്തോഷത്തിനു വകനൽകുന്നുണ്ടെന്നു തോന്നുന്നില്ല. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് ഈ കാലയളവിനുള്ളിൽ ചെയ്യാൻ കഴിഞ്ഞത്. വലിയ മത്സരങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വ്യത്യസ്തമായ ചലച്ചിത്രാനുഭവം മലയാള സിനിമാ പ്രേക്ഷകർക്ക് പകർന്നു നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം.

ഇനിയൊരു സിനിമ ചെയ്യാൻ പദ്ധതിയുണ്ടോ?

വയസ്സ് 84 ആയി. മനസ്സു നിറയെ സിനിമയുണ്ട്. ഇനി ഏതായാലും സിനിമ വേണ്ടെന്നു തീരുമാനിച്ചു കഴിഞ്ഞു. പണമോ പ്രശസ്തിയോ ഒന്നും പ്രതീക്ഷിച്ചല്ല ഞാനടങ്ങുന്ന തലമുറ അര നൂറ്റാണ്ട് മുമ്പ് സിനിമയിലേക്കിറങ്ങിയത്.