മാഹി: പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് കോടികൾ ചെലവഴിച്ച് പ്രകൃതി സൗഹൃദ നവീകരണം നടത്തിയ മൂപ്പൻകുന്ന് അനാഥാവസ്ഥയിൽ കാട് കയറുന്നു. കടലും പുഴയും ഇഴചേരുന്ന തീരത്തെ പഴയ ഫ്രഞ്ച് മൂപ്പൻ സായ് വിന്റെ ബംഗ്ലാവിന് പിറകിലെ കുന്നാണ് ആരാലും ശ്രദ്ധിക്കപ്പെടാതെ അനാഥമായിക്കിടക്കുന്നത്. അത്യപൂർവ്വ നിബിഢമരങ്ങളുള്ള ഈ കുന്നിലാണ് ഫ്രഞ്ചുകാർ ഉപയോഗിച്ചിരുന്ന കൊടിമരം സൂക്ഷിച്ചിട്ടുള്ളത്. ലൈറ്റ് ഹൗസും ഈ കുന്നിലാണുള്ളത്. അസ്തമയ സൂര്യന്റെ വർണ്ണഭംഗിയടക്കം കടൽക്കാഴ്ചകൾ ആസ്വദിക്കാനുള്ള രണ്ട് നിലകളിലുള്ള നിരീക്ഷണ കേന്ദ്രവും ഇവിടെയുണ്ട്. കുന്നിലേക്കുള്ള പഴയ നാട്ടുപാതയിലെ അലങ്കാര ദീപങ്ങളത്രയും മിഴിയടച്ചു കഴിഞ്ഞു. ഫ്രഞ്ചുകാർ സൗരോർജ്ജം ഉപയോഗിച്ച് വെള്ളം ചൂടാക്കിയിരുന്ന പ്രത്യേകതരം വലിയ സിമന്റ് പാത്രവും ഇവിടെ കാണാം. ഇതിന് പുറമെ ചെറു വിശ്രമ കേന്ദ്രങ്ങളുമുണ്ട്. ടിപ്പു സുൽത്താൻ ഫ്രഞ്ച് ഭരണകാലത്ത് മയ്യഴി സന്ദർശിച്ചപ്പോൾ വിശ്രമിച്ചത് ഈ കുന്നിലെ പാറയിലായിരുന്നുവത്രെ.
സാമൂഹ്യവിരുദ്ധരുടേയും കമിതാക്കളുടേയും മാത്രം ഇഷ്ട കേന്ദ്രമായി കാട് മൂടിയ ഈ ചരിത്ര ഭൂമിക മാറ്റപ്പെട്ടതായി ആക്ഷേപമുണ്ട്. ഇവിടം ഇഴജീവികളുടെ ആവാസ കേന്ദ്രവുമായി തീർന്നിട്ടുണ്ട്. വിദൂരങ്ങളിൽ നിന്ന് പോലും വന്നെത്തുന്ന വിനോദ സഞ്ചാരികളുടെ മനസ് പോലും നൊമ്പരപ്പെടുന്ന കാഴ്ചയാണ് ഇപ്പോഴിവിടെയുള്ളത്.
കരാർ ജീവനക്കാരുടെ
കാവൽ ഇല്ലാതായി
ഹിൽടോപ്പിലേക്ക് പ്രവേശനത്തിന് 10 രൂപ വീതം സന്ദർശകരിൽ നിന്ന് ഈടാക്കുന്നുണ്ട്. കരാർ ജീവനക്കാരാണ് ഇവിടം വൃത്തിയായി സൂക്ഷിച്ചുവച്ചിരുന്നത്. ഇവരുടെ കരാർ കാലാവധി കഴിഞ്ഞ് മൂന്ന് മാസമായിട്ടും കരാർ പുതുക്കി നൽകിയിട്ടില്ല. കാലവർഷം തുടങ്ങുകയും, ശുചീകരണ ജീവനക്കാർ ഇല്ലാതാവുകയും ചെയ്തതോടെയാണ് മൂപ്പൻ കുന്നിൽ കാട് കയറിയത്.
മയ്യഴിയിലെ ഏറ്റവും മനോഹരമായ ഈ ഹെറിറ്റേജ് ടൂറിസം സെന്ററിനോടുള്ള അവഗണന, ചരിത്രത്തോടുള്ള അവഹേളനം കൂടിയാണ്.
ജസീമ മുസ്തഫ, സാമൂഹ്യ പ്രവർത്തക, മാഹി