കൂത്തുപറമ്പ്: അൻപതോളം എൽ.ഇ.ഡി സ്ട്രീറ്റ്ലൈറ്റുകളുടെ പ്രഭയിൽ കുളിച്ച് മമ്പറം പാലം. രാത്രികാല യാത്ര ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് മമ്പറം പുതിയ പാലത്തിൽ ഇത്രയും എൽ.ഇ.ഡി സ്ട്രീറ്റ്ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. മലബാർ റിവർ ക്രൂയിസം പദ്ധതിയിൽ ഉൾപ്പെടുത്തി മമ്പറത്ത് ബോട്ട് സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ദീപവിതാനം ഒരുക്കിയത്.
പ്രത്യേക ഡിസൈനിൽ നിർമ്മിച്ച പാലത്തിൽ എൽ.ഇ.ഡി ലൈറ്റുകൾ കൂടി പ്രകാശിച്ച് തുടങ്ങിയതോടെ ആ കർഷകമായിരിക്കയാണ് മമ്പറം പാലം. പാലത്തിലൂടെ യാത്ര ചെയ്യുന്നവർക്കും പ്രദേശത്തുകാർക്കും ഏറെ സന്തോഷ പ്രദമായിരിക്കയാണ് പാലത്തിലെ കാഴ്ച്ചകൾ . മുഴുവൻ ലൈറ്റുകളും കത്താൻ തുടങ്ങിയതോടെ വളരെ ദൂരെ നിന്നു പോലും പാലത്തിലെ കാഴ്ച്ചകൾ കാണൻ സാധിക്കുന്നുണ്ട്. മമ്പറം ടൗൺ മുതൽ കോട്ടം ഭാഗത്ത് പാലം അവസാനിക്കുന്ന സ്ഥലം വരെയും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്വന്തം മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ലൈറ്റുകൾ യാഥാർത്ഥ്യമായിട്ടുള്ളത്. മമ്പറം പുഴയോരം ഉൾപ്പെടെ ടൗൺ നവീകരണത്തിനുള്ള നടപടികളും നടന്നുവരികയാണ്. മമ്പറം പുഴയിലെ ബോട്ട് ടെർമിനലിന്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ബോട്ട് സർവ്വീസ് കൂടി ആരംഭിക്കുന്നതോടെ ടൂറിസം ഭൂപടത്തിലും മമ്പറം ടൗൺ സ്ഥാനം പിടിക്കും.