പയ്യന്നൂർ: നഗരസഭയിലെ മിക്ക പദ്ധതികളും ഘട്ടംഘട്ടമായി വെട്ടിക്കുറക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
2022-23 വാർഷിക പദ്ധതിയിലെ മെയിന്റനൻസ് ഫണ്ട് പ്രൊജക്ടുകൾ താൽക്കാലിക വിഹിതത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം പദ്ധതി പരിഷ്ക്കരിക്കേണ്ടുന്ന വിഷയം കൗൺസിലിന്റെ പരിഗണനക്ക് വന്നപ്പോഴാണ് സർക്കാർ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നത് കാരണം നഗരസഭയുടെ പല പദ്ധതികളും നിർത്തലാക്കുകയോ, വെട്ടിക്കുറക്കുകയോ ചെയ്യുന്ന സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് കെ.കെ ഫൽഗുണൻ പറഞ്ഞത്.
ഏകദേശം 70 ലക്ഷത്തോളം രൂപയുടെ പദ്ധതികളാണ് വെട്ടി കുറക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതടക്കം മൊത്തം രണ്ടര കോടിയോളം രൂപയുടെ പദ്ധതികളാണ് പയ്യന്നൂർ നഗരസഭയ്ക്ക് നഷ്ടപ്പെടുന്നത്. പാവപ്പെട്ട നിരവധി ഗുണഭോക്താക്കളെ ഇത് ബാധിക്കുന്നു. എ. രൂപേഷ്, കെ.കെ. കുമാർ, അത്തായി പത്മിനി, നസീമ, കെ.കെ. അശോക് കുമാർ, ഹസീന കാട്ടൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നല്കി.
മണിയറ പുഴയിൽ ഒഴുക്കിൽപ്പെട്ട മിനിലോറി ഡ്രൈവറെ സ്വജീവൻ പോലും പരിഗണിക്കാതെ പുഴയിൽ നിന്ന് രക്ഷിച്ച മണിയറ വാർഡ് കൗൺസിലർ പി. ഭാസ്കരനെയും നാട്ടുകാരനായ ജിതേഷിനെയും അപകടം ശ്രദ്ധയിൽപ്പെടുത്തിയ സുലേഖയേയും കൗൺസിൽ അഭിനന്ദിച്ചു. യോഗത്തിൽ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.