കാഞ്ഞങ്ങാട്: ഉച്ചഭക്ഷണത്തിനു മുമ്പായി കടൽത്തീരത്തേക്ക് പോയ മരക്കാപ്പ് കടപ്പുറം ഗവൺമന്റ് ഫിഷറീസ് സ്‌കൂൾ വിദ്യാർത്ഥികൾ കൂട്ടത്തോടെ തളർന്നു വീണത് ആശങ്കയ്ക്കിടയാക്കി. വിദ്യാർത്ഥികളിൽ പലരും തലകറങ്ങുകയും ഛർദ്ദിക്കുകയും ചെയ്തു. പ്രദേശത്തുനിന്ന് ദുർഗന്ധം വമിച്ചിരുന്നതായി പറയുന്നു.
41 കുട്ടികളും, ഒരു മുതിർന്ന സ്ത്രീയുമാണ് ജില്ലാശുപത്രിയിൽ പ്രാഥമിക ചികിത്സയിൽ കഴിയുന്നത്. നീലേശ്വരം ആശുപത്രിയിൽ ഏഴ് കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. കാഞ്ഞങ്ങാട് നിന്ന് എട്ട് കുട്ടികളെ കൂടി നീലേശ്വരത്തേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. മറ്റു കുട്ടികൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
തളർന്നു വീണ കുട്ടികളെ അഗ്നിരക്ഷാ സേന, അംബുലൻസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, നഗരസഭ പാലിയേറ്റിവ് ആംബുലൻസ്, ജില്ലാശുപത്രി ആംബുലൻസ്, മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ആശപത്രിയിലെത്തിച്ചത്. വിവരം ലഭിച്ച ഉടൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. നസറുദ്ദീന്റെ നേതൃത്വത്തിലെത്തിയ ഫയർ ഓഫീസർമാരായ ബിജു, നിഖിൽ, അജിത്ത്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡർ പി.പി പ്രദീപ് കുമാർ, അംഗങ്ങളായ എച്ച്. അരുൺ, അനിഷ് കടപ്പുറം, അതുൽ, സിറാജ് അബ്ദുൾ സലാം എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വിഷക്കാറ്റെന്ന് സംശയം
വിദ്യാർത്ഥികൾ തളർന്നുവീഴാനിടയാക്കിയത് വിഷക്കാറ്റാണോ എന്ന് പരിശോധിച്ചു വരുന്നതായി ജില്ലാ ആശുപത്രി അധികൃതർ വ്യക്തമാക്കി. കരയിൽ നിന്നു ഒഴുകിയെത്തുന്ന വെള്ളവും കടൽ വെള്ളവും കൂടി ചേരുമ്പോൾ കടൽ ഇളകി ദുർഗന്ധം ഉണ്ടാകാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.