പഴയങ്ങാടി: തൊഴിൽ നിഷേധത്തിനെതിരെ കഴിഞ്ഞ 160 ദിവസമായി മാടായി ചൈനാക്ലേ റോഡിൽ ശ്രീപോർക്കലി സ്റ്റീൽസ് കടയുടെ മുന്നിൽ നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി കട ഉടമയുടെ വെള്ളൂരിലുള്ള വീട്ടുപടിക്കലേക്ക് സി.ഐ.ടി.യു ചുമട്ട് തൊഴിലാളികൾ മാർച്ചും പൊതുയോഗവും നടത്തി. ചുമട്ടു തെഴിലാളികൾക്ക് നിയമനുസൃതമായി ജോലി ലഭിക്കും വരെ സമരം നടത്തുമെന്നും പ്രശ്നം തീർക്കാത്ത പക്ഷം ആഗസ്റ്റ് ഒന്നുമുതൽ അദ്ദേഹത്തിന്റ ഉടമസ്ഥതയിലുള്ള പയ്യന്നൂർ, മാതമംഗലം എന്നീ സ്ഥാപനങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നതല്ലെന്നും യോഗം തീരുമാനിച്ചു.
കാസർകോട് ജില്ലയിലെ സ്ഥാപങ്ങളിലേക്കും പണിമുടക്ക് വ്യാപിപ്പിക്കുമെന്ന് സമരത്തിൽ മുന്നറിയിപ്പ് നൽകി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് ഉടമയുടെ വീട്ടുപടിക്കലേക്ക് പ്രകടനം നടത്തിയത്. പൊതുയോഗം സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. എ.പി. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞപ്പൻ, കെ.പി. രാജൻ, ഐ.വി. ശിവരാമൻ, ടി.വി. പദ്മനാഭൻ, കെ.വി. സുധാകരൻ, കെ.എം. ഷാജി, പാവൂർ നാരായണൻ പ്രസംഗിച്ചു.