മാഹി: വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ വൈദ്യുതി താരിഫ് ഉണ്ടായിരുന്ന മാഹിയിൽ ഇപ്പോൾ ഷോക്കടിപ്പിക്കുന്ന ബില്ല്!. ഉപഭോക്താവ് കണക്ഷൻ അപേക്ഷയിൽ കാണിക്കുന്ന പരമാവധി വാട്സിനുള്ള ചാർജ് ഉപയോഗിച്ചിട്ടില്ലെങ്കിലും അടക്കണം. ഒരു കിലോ വാട്സിന് 30 രൂപ വച്ച് 10 കിലോവാട്സ് ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താവ് 300 രൂപ നൽകേണ്ടി വരും. ആദ്യത്തെ 100 യൂണിറ്റിന് 35 പൈസയും, 101 മുതൽ 200 വരെ 30 പൈസയും നൽകണം. ഓരോ വർഷവും കറണ്ട് ചാർജ്ജ് ഭീമമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുതുച്ചേരി വൈദ്യുതി വകുപ്പിനെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കെ, പരമാവധി ചാർജ്ജ് കൂട്ടി വരുമാനം വർദ്ധിപ്പിച്ച്, സ്വകാര്യ ഏജൻസികളെ ആകർഷിക്കാനാണ് സർക്കാർ നീക്കമെന്നാണ് ആക്ഷേപം. കടകൾക്ക് ഒരു കിലോവാട്സിന് 75 രൂപയാണ് ഈടാക്കുന്നത്.
മാഹിയി. കറണ്ട് പോകാത്ത ദിവസങ്ങളില്ല. മാനം കറുത്താൽ, ചെറുകാറ്റടിച്ചാൽ പിന്നെ വൈദ്യുതി വിതരണവും നിലയ്ക്കുമെന്നുറപ്പാണ്. വീഴാറായ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടാൻ പോസ്റ്റുകളില്ല. വൈദ്യുതി കമ്പികളില്ല, തെരുവ് വിളക്കുകൾ സ്റ്റോക്കില്ല, ജീവനക്കാർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ, വാഹന സൗകര്യങ്ങളോ ഇല്ല, ഇങ്ങനെയിരിക്കുമ്പോഴാണ് വൈദ്യുതി ചാർജ്ജിലെ കൊള്ള.
ഉപയോഗിക്കാത്ത വൈദ്യുതിക്ക് പോലും ഉപഭോക്താക്കളിൽ നിന്ന് ഭീമമായ സംഖ്യ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിനെതിരെ ജനകീയ പ്രക്ഷോഭമുയരണമെന്ന് പന്തക്കലിലെ പൊതുപ്രവർത്തകൻ സി.എം സുരേഷ് പറയുന്നു.