കാഞ്ഞങ്ങാട്: 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അ‌ട്ടേങ്ങാനം സ്വദേശി ബി.കെ. ദിനേശനും ഭാര്യ പി.വി വിദ്യക്കും ഒന്നിച്ചു കിട്ടിയത് മൂന്നു കുരുന്നുകളെ. കാഞ്ഞങ്ങാട് സൺറൈസ് ഹോസ്പിറ്റലിലെ ഐ.വി.എം ചികിത്സയിലൂടെയാണ് വിദ്യ അമ്മയായതെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മേയ് 17നാണ് വിദ്യ രണ്ട് പെൺകുഞ്ഞുങ്ങൾക്കും ഒരു ആൺകുട്ടിക്കും ജന്മം കൊടുത്തത്. ഏഴാം മാസത്തിൽ ജനിച്ച കുട്ടികളെ കരുതലോടെയാണ് ആശുപത്രി അധികൃതർ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത്. പ്രസവത്തിൽ 1.1 കിലോ, 1 കിലോ, 890 ​ഗ്രാം വീതമായിരുന്നു തൂക്കം. ഫലപ്രദമായ ചികിത്സയിലൂടെ ഒടുവിൽ 2.9, 2, 1.6 കിലോ തൂക്കവുമായാണ് കുട്ടികൾ ആശുപത്രി വിട്ടത്‌.

ഇൻഫേർട്ടിലിറ്റി സ്പെഷ്യലിസ്റ്റായ ഡോ. രാഘവേന്ദ്ര പ്രസാദായിരുന്നു ചികിത്സയ്ക്ക് നേതൃത്വം. ഡോ. ഉദയ് ശ്രീനിവാസായിരുന്നു പീഡിയാട്രീഷ്യൻ. വാർത്താസമ്മേളനത്തിൽ ഡോ. രാഘവേന്ദ്ര പ്രസാദ്, ഡോ. സി.പി പ്രശാന്ത്, ഡോ. ഉദയ് ശ്രീനിവാസ്, ഡോ. ശശിധർ റാവു,​ എം.കെ വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.