കണ്ണൂർ: കേരളത്തിലെ സർക്കാർ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളെക്കാൾ മികച്ച ഗുണനിലവാരം പുലർത്തുന്നതിൽ അത്ഭുതം കൂറി ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ജവഗൽ ശ്രീനാഥ് .താവക്കര ഗവ.യു.പി.സ്‌കൂളിൽ സോയ ചാരിറ്റബിൾ ട്രസ്റ്റ് വക നവീകരിച്ച സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ യൂണിഫോമുകളിലും സ്‌കൂളിന്റെ നിലവാരത്തിലും മികച്ച നിലവാരമാണ് സർക്കാർ സ്കൂളുകളിൽ കാണുന്നത്. നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തോടൊപ്പം കായിക രംഗത്തും മികച്ച വിജയം കൈവരിക്കാൻ കഴിയും. അത് സാധിക്കട്ടെയെന്നും ശ്രീനാഥ് പറഞ്ഞു.
ചടങ്ങിൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷമാ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ വർഗ്ഗീസ്, കോർപറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ, ഡോ.ആശിഷ് അബു,പ്രധാനാദ്ധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ , എ.ഇ.ഒ.പ്രദീപ് കുമാർ, പി.ടി.എ.പ്രസിഡന്റ് കെ.രശ്മി, സ്റ്റാഫ് സെക്രട്ടറി സി.കെ.രജനി തുടങ്ങിയവർ സംസാരിച്ചു.നവീകരിച്ച നാല് സ്മാർട്ട് ക്ലാസ് മുറികൾ, ഫർണ്ണിച്ചറുകൾ, സ്റ്റേജ്, മുറ്റം മുഴുവൻ ഇന്റർ ലോക്ക് എന്നിവയാണ് സോയ ചാരിറ്റബിൾ ട്രസ്റ്റാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്.