കാസർകോട്: സമൂഹത്തിലെ നിർദ്ധനരും പിന്നോക്കം നിൽക്കുന്നവരുമായ കാസർകോട് ജില്ലയിലെ 51 കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നതിന് കൈത്താങ്ങാവുകയാണ് കാസർകോട് ശ്രീ ശങ്കരാചാര്യ എഡ്യുക്കേഷൻ സൊസൈറ്റി. സൊസൈറ്റി പ്രസിഡന്റ് കെ. ശിവാകരൻ, സെക്രട്ടറി പി. അശ്വതി എന്നിവർ വാർത്താസമ്മേളനത്തിലാണ് കാരുണ്യപദ്ധതി വിശദീകരിച്ചത്.
സാമ്പത്തിക ചെലവ് താങ്ങാകാനാവാതെ വിവാഹം നടത്തുന്നതിന് ക്ലേശിക്കുന്ന പെൺകുട്ടികളുടെ ഭക്ഷണം, വസ്ത്രങ്ങൾ, ഓഡിറ്റോറിയം തുടങ്ങി സ്വർണ്ണം ഒഴികെയുള്ള മുഴുവൻ ചെലവുകളും സൊസൈറ്റി ഭാരവാഹികൾ വഹിക്കും. വരനെ കണ്ടെത്തി വീട്ടുകാർ തമ്മിൽ വിവാഹം ഉറപ്പിച്ച ശേഷം സൊസൈറ്റിയുമായി ബന്ധപ്പെടണം. കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് 42 കുടുംബശ്രീ സി.ഡി.എസുകളിൽ നിന്ന് തിരഞ്ഞെടുത്തു നൽകുന്ന ലിസ്റ്റിൽ നിന്നാണ് അർഹതപ്പെട്ട പെൺകുട്ടികളെ കണ്ടെത്തുക.
ഒരു സി.ഡി.എസിൽ നിന്നും ഒരാൾ വീതം 10 വീതം പെൺകുട്ടികളെ കണ്ടെത്തി അഞ്ചു ഘട്ടങ്ങളായാണ് സമൂഹ വിവാഹം നടത്തുക. ആദ്യ സമൂഹ വിവാഹം പൊയിനാച്ചിയിലെ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ മാസത്തിൽ നടക്കും. ഇവരുടെ 'മാസ് മാര്യേജ് മിഷൻ' മാർച്ച് മാസത്തിനുള്ളിൽ അഞ്ചു ഘട്ടങ്ങളും പൂർത്തിയാകും.
കാസർകോട്, പൊയിനാച്ചി , നീലേശ്വരം എന്നിവിടങ്ങളിൽ തൊഴിലധിഷ്ഠിത കംപ്യൂട്ടർ സ്ഥാപനം നടത്തിവരുന്ന സൊസൈറ്റി ഇന്ന് നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. വിദേശ രാജ്യങ്ങളിൽ അംഗീകാരം നേടിയിട്ടുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സൊസൈറ്റിക്ക് പദ്ധതിയുണ്ട്. വാർത്താ സമ്മേളനത്തിൽ ഡയറക്ടർ മേലത്ത് മനോജ്‌കുമാർ, സുനിൽ പെരിയ, കോ ഓഡിനേറ്റർ അഖിൽ കുര്യൻ എന്നിവർ സംബന്ധിച്ചു.