പയ്യന്നൂർ: നഗരസഭാ പരിധിയിൽ, ദുബായിൽ നിന്നെത്തിയ ഒരാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന്, നഗരസഭ ചെയർപേഴ്സന്റെ അദ്ധ്യക്ഷതയിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. രോഗബാധിതനായ വ്യക്തി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യനിലയിൽ ആശങ്കാജനകമായി ഒന്നുമില്ലെന്നും രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന ബന്ധുക്കളെയും ടാക്സി ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും, രോഗ വ്യാപനം തടയുന്നതിനാവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു.

ഗവ. താലൂക്കാശുപത്രിയിലെ ഡോ. അഹമ്മദ് നിസാർ രോഗം സംബന്ധിച്ച് വിശദീകരിച്ചു. രോഗിയുമായി അടുത്തിടപഴകുന്ന ആളുകളിൽ മാത്രമാണ് മങ്കി പോക്സ് രോഗം പകരാൻ സാധ്യതയുള്ളതെന്നും മാസ്ക് ശീലമാക്കണമെന്നും ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്നും ഓർമ്മിപ്പിച്ചു. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശം ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നും ആർക്കും ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ചെയർപേഴ്സൺ പറഞ്ഞു.

വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി. ജയ, വി. ബാലൻ, വി.വി. സജിത, ടി.പി. സമീറ, ടി. വിശ്വനാഥൻ, കൗൺസിലർമാർ, തഹസിൽദാർ, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.എസ്. ശശിധരൻ, വാട്ടർ അതോറിറ്റി എ.ഇ. സുജിത്ത്, പഴയങ്ങാടി താലൂക്കാശുപത്രി ആരോഗ്യ വിഭാഗം ഹെൽത്ത് സൂപ്പർവൈസർ കെ.വി.ഗിരീഷ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, എൻജിനീയർ കെ. ഉണ്ണി, സൂപ്രണ്ടുമാരായ ഹരിപ്രസാദ്, ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.

22 വീടുകൾക്ക് നാശനഷ്ടം

മഴക്കെടുതിയിൽ നഗരസഭയിൽ 22 ഓളം വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതെന്ന് ചെയർപേഴ്സൺ യോഗത്തിൽ വ്യക്തമാക്കി. നാശനഷ്ടം സംഭവിച്ച വീടുകൾക്കും മറ്റും ധനസഹായം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.