വോട്ടർമാർ നിയമനടപടിക്ക്
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിൽ ആറാമത് പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കകം വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കെ പുതുക്കിയ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പലരും പടിക്കു പുറത്തായതായി ആരോപണം. പുതിയ പട്ടികയിൽ 7,100 വോട്ട് പുതുതായി ഉൾപ്പെടുകയും നാലായിരത്തോളം വോട്ട് തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുവരെ വോട്ടുചേർക്കുവാൻ കഴിയാത്തവർക്ക് ഇനിയും അവസരമുണ്ടാകും.
2017 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് 35 വാർഡുകളിലും കരടുപട്ടിക തയ്യാറാക്കിയിരുന്നത്. അതിൽ 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ഭിന്നലിംഗക്കാരും ഉൾപ്പെടെ ആകെ 36,247 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. പുതിയ പട്ടികയിൽ 18,200 പുരുഷന്മാരും 20,609 സ്ത്രീകളും രണ്ട് ഭിന്നലിംഗക്കാരും ഉൾപ്പെടെ ആകെ 38,811 വോട്ടർമാരാണുള്ളത്.
തള്ളിയത് താമസം മാറിയതിനാൽ
പഴയപട്ടികപ്രകാരം ആ വാർഡിൽ താമസമില്ല എന്ന കാരണത്താലാണ് പലവോട്ടുകളും തള്ളപ്പെട്ടത്. എന്നാൽ പലരും 2017 നു ശേഷം വാർഡ് മാറിയെങ്കിലും ഇവർ നഗരസഭയിൽ തന്നെയാണ് താമസം. മറ്റൊരിടത്തും വോട്ടില്ലാത്ത ചിലരുടെ വോട്ടാണ് വാർഡിൽ താമസമില്ല എന്ന ലഘുകാരണത്താൽ തള്ളിയത്. എന്നാൽ ഇവർക്ക് മറ്റു വാർഡുകളിൽ വോട്ടില്ല എന്നത് കേൾക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്ന പരാതിയുണ്ട്. കക്ഷി രാഷ്ട്രീയത്തിനുപരി പൊതുപ്രവർത്തകരുടെ വോട്ടും ഇത്തരത്തിൽ തള്ളിയിട്ടുണ്ട്. 2017 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി കരട് പട്ടിക തയ്യാറാക്കുന്നതായി തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനമുണ്ടായതിനാൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ പലരും വാർഡ് മാറ്റി വോട്ടു ചേർത്തിരുന്നില്ല. ഇവരുടെ വോട്ടാണ് തള്ളപ്പെട്ടത്.
വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ മത്സരിക്കുവാൻ കഴിയില്ല. ഈ സാഹചര്യത്തിൽ മത്സരിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതായി വ്യക്തമാക്കി പലരും നിയമനടപടിക്ക് ഒരുങ്ങുകയാണ്. ചിലർ കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.