പയ്യന്നൂർ: പയ്യന്നൂുർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്കും കണ്ണപുരത്ത് അഞ്ചു ട്രെയിനുകൾക്കും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പുതിയൊരു ടിക്കറ്റ് കൗണ്ടർ കൂടി ആരംഭിക്കുമെന്നും റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പയ്യന്നൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം - വരാവൽ എക്സ്‌പ്രസ് (16334), നാഗർകോവിൽ - ഗാന്ധിധാം എക്സ്‌പ്രസ് (16336) , കൊച്ചുവേളി- ഭാവ് നഗർ എക്സ്‌പ്രസ് (19259) എന്നീ മൂന്ന് ട്രെയിനുകൾക്കാണ് പയ്യന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം - വരാവൽ എക്സ്‌പ്രസ് (16334), നാഗർകോവിൽ - ഗാന്ധിധാം എക്സ്‌പ്രസ് (16336) , എറണാകുളം- ഓഖ എക്സ്‌പ്രസ്സ്, മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് (22637), ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ് (22638) എന്നീ ട്രെയിനുകൾക്കാണ് കണ്ണപുരത്ത് സ്റ്റോപ്പ് അനുവദിച്ചത്.
കൂടുതൽ ദീർഘദൂര യാത്രാ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതും ഒരു ടിക്കറ്റ് കൗണ്ടർ കൂടി ആരംഭിക്കണമെന്നതും പയ്യന്നൂർ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു. ഏഴിമല നാവിക അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രം, പരിയാരം മെഡിക്കൽ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരും, കിഴക്കൻ മലയോര പ്രദേശങ്ങളിലെ ജനങ്ങളും യാത്രയ്ക്കായി ആശ്രയിക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിമിതികളാൽ നട്ടം തിരിയുന്നതിനിടയിൽ പുതുതായി അനുവദിക്കപ്പെട്ട സൗകര്യങ്ങൾ, ഒരു പരിധിവരെ പ്രയാസങ്ങൾ ലഘൂകരിക്കാൻ ഉപകരിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജീവനക്കാരുടെ ട്രാൻസ്ഫർ പ്രക്രിയയ്ക്കു ശേഷമാകും പുതിയ കൗണ്ടർ നിലവിൽ വരികയെന്ന് കൃഷ്ണദാസ് പറഞ്ഞു. ഒരു എ.ടി.വി.എം. മെഷീൻ കൂടി പയ്യന്നൂരിൽ സ്ഥാപിക്കും. കൊയിലാണ്ടിയിലും പഴയങ്ങാടിയിലും തലശ്ശേരിയിലും ഓരോ വെൻഡിംഗ് മെഷീൻ കൂടി സ്ഥാപിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, സംസ്ഥാന സമിതി അംഗം കെ.കെ. ശ്രീധരൻ, മണ്ഡലം വൈസ് പ്രസിഡന്റ് മണിയറ രാഘവൻ, ട്രഷറർ രമേശൻ കാര, എസ്.സി. മോർച്ച മണ്ഡലം പ്രസിഡന്റ് പ്രശാന്ത് പെരുമ്പ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ കൃഷ്ണദാസിനോടൊപ്പമുണ്ടായിരുന്നു.