തൃക്കരിപ്പൂർ: തൃക്കരിപ്പൂർ മത്സ്യമാർക്കറ്റിൽ വീണ്ടും സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതിനെതുടർന്ന് പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

മത്സ്യ മാർക്കറ്റ് ലേലം കൊണ്ടവരും ഏജന്റുമാരും തമ്മിലുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇന്നലെ രാവിലെ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഏജൻസി കമ്മിഷൻ നിരക്ക് തുക അംഗീകരിക്കാൻ തയാറായില്ലെന്ന തർക്കത്തെ തുടർന്നാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയും ഏറ്റുമുട്ടിലിൽ കലാശിച്ചതും. മത്സ്യവുമായി എത്തിയ മിനിലോറി തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കമിട്ടത്.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മാർക്കറ്റിലെ മത്സ്യവിപണനവുമായി ബന്ധപ്പെട്ട് മാസങ്ങളായി ഇരു വിഭാഗങ്ങളും അസ്വാരസ്യത്തിലായിരുന്നു. പിന്നീട് സംഘർഷത്തിലേക്ക് എത്തിയതോടെ ഗ്രാമപഞ്ചായത്ത് അധികൃതർ ലേലം കൊണ്ടവരെയും ഏജൻസികളെയും ഒരുമിച്ചിരുത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയിരുന്നു. ആ തീരുമാനം ലേലം കൊണ്ട വിഭാഗം ലംഘിച്ചുവെന്ന് ഏജന്റും അതല്ല ഏജൻസിയാണ് അതിന് വിരുദ്ധമായി പ്രവർത്തിച്ചതെന്ന് ലേലമെടുത്തവരും ആരോപിച്ചാണ് ഇന്നലെ രാവിലെ ഏറ്റുമുട്ടിയത്.

ചന്തേര എസ്ഐ എം. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിൽ മാർക്കറ്റിലെത്തിയ ലോറികളിലെ മത്സ്യം മത്സ്യത്തൊഴിലാളികൾ വ്യാപാരം നടത്തുകയായിരുന്നു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടിന്റെ നേതൃത്വത്തിൽ ഇരു വിഭാഗവും തമ്മിൽ വൈകീട്ട്

നടന്ന ചർച്ച പരാജയപ്പെട്ടതോടെ മാർക്കറ്റിൽ സംഘർഷം തുടരുമെന്ന് സ്ഥിതിയാണ്.

,