
കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ മുൻ ജില്ലാ കളക്ടറും സംസ്ഥാന ചീഫ് സെക്രട്ടറിയുമായിരുന്ന ഡോ. പ്രഭാകരൻ കമ്മിഷൻ വിഭാവനം ചെയ്ത പദ്ധതികളിൽ ദീർഘകാലമായി കടലാസിൽ കിടന്ന പദ്ധതി ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. ഹൊസ്ദുർഗ് താലൂക്കിന്റെ ഭരണസിരാകേന്ദ്രമായ പുതിയകോട്ടയിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾക്ക് കാതോർക്കാൻ വൻജനാവലി തടിച്ചുകൂടിയ ഇടമാണ് ടൗൺസ്ക്വയറായി രൂപം മാറുന്നത്.
പാക്കേജിൽ നിർദ്ദേശിച്ച ആദ്യകാല പദ്ധതികളിൽ നടപ്പിലാകാതെ കിടന്ന ടൗൺ സ്‌ക്വയർ പദ്ധതി റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ മുൻകൈ എടുത്തതിനെ തുടർന്ന്, കാസർകോട് പാക്കേജിന്റെ ചെയർമാൻ കൂടിയായിരുന്ന മുൻ ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ ഇടപെടലുകളെ തുടർന്നാണ് നിർമ്മാണമാരംഭിച്ചത്. നഗരത്തിലെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാനും, ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാർ ഡ്രൈവിംഗ് പരിശീലനത്തിനും ഉപയോഗിച്ച സ്ഥലമായിരുന്നു ടൗൺ ഹാളിന് വടക്ക് ഭാഗത്തും ടി.ബി റോഡിന് കിഴക്കുഭാഗത്തുമായി കിടന്നിരുന്ന ഈ പ്രദേശം.
അതേസമയം ടൂറിസം വകുപ്പ് അനുവദിച്ച അഞ്ചു കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ടൗൺ സ്‌ക്വയർ കോംപ്ലക്സിന്റെ നിർമ്മാണം പഴയ ജില്ലാ ആശുപത്രിയുടെ പിറകിൽ ബ്ലോക്ക് ഓഫീസിന് സമീപത്തായി പുരോഗമിക്കുന്നുണ്ട്.
52 ലക്ഷം രൂപയുടെ പദ്ധതി
ഇരിപ്പിട സൗകര്യങ്ങൾ, സ്റ്റേജ്, ലഘുഭക്ഷണ ശാല, ഗാർഡൻ, ടോയ്ലറ്റ്, തെരുവ് വിളക്ക് എന്നിവ ഉൾപ്പെടുന്ന 52 ലക്ഷം രൂപയുടെ പദ്ധതിയുടെ നിർമ്മാണം നടത്തിയത് ജില്ലാ നിർമ്മിതി കേന്ദ്രയാണ്.. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനായിരിക്കും തുടർ നടത്തിപ്പ് ചുമതല. ഇതിന് അന്യം നിന്നു പോകുന്ന നാടൻ കലകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് എല്ലാ ജില്ലകളിലും മാർച്ച് മാസം പൊതുസ്ഥലങ്ങളിൽ സംഘടിപ്പിക്കാറുള്ള 'ഉത്സവം' എന്ന പരിപാടിയുടെ സ്ഥിരം വേദിയായി ടൗൺ സ്‌ക്വയർ മാറും. തൊട്ടടുത്ത് ലളിത കലാ അക്കാമിയുടെ ആർട്ട് ഗാലറിയുള്ളത് ടൗൺ സ്‌ക്വയറിന് ഗുണം ചെയ്യും.
ടൗൺ സ്‌ക്വയറിലെ കിയോസ്കിന് വാതിൽ പണിയുന്നതിനുള്ള ടെൻഡർ വിളിക്കുകയാണ്. ഇലക്ട്രിസിറ്റി കണക്ഷൻ എടുക്കുന്നതിനുള്ള അപേക്ഷ നൽകിക്കഴിഞ്ഞു. അതോടെ ഉദ്‌ഘാടനം നടത്തും. ടൗൺ സ്‌ക്വയറിന്റെ നടത്തിപ്പും ടെൻഡർ വിളിച്ചു നൽകുന്നതിനാണ് ഉദ്ദേശിക്കുന്നത്.
-ലിജോ ജോസഫ് ( കാസർകോട് ഡി.ടി.പി.സി സെക്രട്ടറി )