കാസർകോട്: കാലൊടിഞ്ഞ നിലയിൽ റോഡരികിൽ കണ്ടെത്തിയ ഗർഭിണിയായ കാട്ടുപോത്ത് ചത്ത സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കാറഡുക്ക വനമേഖലയിലെ കർമംതോടി ബാലക്കണ്ടത്ത് പരിക്കേറ്റ നിലയിൽ കാട്ടുപോത്തിനെ കണ്ടെത്തിയത്.
അജ്ഞാത വാഹനം ഇടിച്ചായിരിക്കാം കാട്ടുപോത്ത് ചത്തതെന്ന സംശയം വനപാലകർ പ്രകടിപ്പിച്ചു. ഡി.എഫ്.ഒ പി. ബിജു, റേഞ്ച് ഓഫീസർ സോളമൻ ടി. ജോർജ് എന്നിവർ സ്ഥലത്തെത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സത്യൻ, എം.പി രാജീവൻ, കെ. ജയകുമാർ, ബീറ്റ് ഓഫീസർമാരായ എം.ടി സബാന, അജിൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപോത്തിന്റെ ജഡം പോസ്റ്റുമോർട്ടം ചെയ്തു. കാറഡുക്ക മൃഗാശുപത്രിയിലെ ഡോക്ടർ ശ്രീവിൻ, മുളിയാർ മൃഗാശുപത്രി ഡോക്ടർ വിഷ്ണുവേലായുധൻ എന്നിവരാണ് പോസ്റ്റുമോർട്ടം നടത്തിയത്. തുടർന്ന് കാറടുക്ക വനമേഖലയിൽ ജഡം കുഴിച്ചിട്ടു.