തളിപ്പറമ്പ്: തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിംലീഗിലെ തമ്മിലടിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ പരിഹാരമായി. നഗരഭരണം നടത്തുന്ന പാർട്ടിയിലെ ഗ്രൂപ്പിസവും തമ്മിലടിയും നേതൃത്വത്തിന് തലവേദനയായിരുന്നു. ജില്ലാതലത്തിൽ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും തീർക്കാനായില്ല. തുടർന്നാണ് ശാശ്വത പരിഹാരം തേടി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മുന്നിൽ ചർച്ച നടന്നത്.

മുസ്ലിംലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ്, എസ്. ടി.യു എന്നീ സംഘടനകളുടെ ഭാരവാഹികൾക്ക് പുറമെ പ്രവർത്തക സമിതിയംഗങ്ങളെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. മുനിസിപ്പൽ മുസ്ലിംലീഗ് പ്രവർത്തക സമിതിയിലേക്ക് ഭാരവാഹികൾ ഉൾപ്പെടെ 28 പേരെയും മറ്റ് എല്ലാ കമ്മിറ്റികളിലേക്കും 27 പേരെയുമാണ് തിരഞ്ഞെടുത്തത്. ഭാരവാഹി യോഗം പാണക്കാട് വച്ച് ചേർന്നാണ് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, അബ്ദുറഹ്മാൻ കല്ലായി, അഡ്വ. കരീം ചേലേരി എന്നിവരും പങ്കെടുത്തു. തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന മുന്ന സാധുസഹായ സമിതിയുമായി മുസ്ലിംലീഗിന്റെയോ പോഷക സംഘടനകളുടെയോ ഭാരവാഹികൾ സഹകരിക്കരുതെന്നും വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പരസ്യ അഭിപ്രായങ്ങൾ പങ്കുവയ്ക്കരുതെന്നും തീരുമാനിച്ചു. തീരുമാനം ലംഘിക്കുന്നവരുടെ പേരിൽ കാരണം കാണിക്കാതെ നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്. തളിപ്പറമ്പിലെ പ്രശ്നങ്ങൾ ഒറ്റക്കെട്ടായി നേരിടാനും യാതൊരുവിധ ഗ്രൂപ്പ് പ്രവർത്തനങ്ങളിലും ആരും പങ്കാളിയാകരുതെന്നും സംസ്ഥാന അദ്ധ്യക്ഷൻ മുന്നറിയിപ്പ് നൽകി.