നീലേശ്വരം: ഇടത്തോട് -നീലേശ്വരം റോഡിൽ കോൺവെന്റ് വളവ് മുതൽ താലൂക്ക് ആശുപത്രി വരെ ഇപ്പോൾ റോഡ് കാണണമെങ്കിൽ മഴവെള്ളം ഒഴുകി പോകേണ്ട സ്ഥിതിയാണ്. കുണ്ടും കുഴിയും നിറഞ്ഞ് ഇതുവഴി കടന്നുപോകാൻ ഏറേ പാടുപെടുകയാണ് യാത്രക്കാർ. സെന്റ് പീറ്റേഴ്സ് സ്കൂൾ, തൊട്ടടുത്ത മദ്രസ എന്നിവിടങ്ങളിൽ പോകുന്ന കുട്ടികൾ എന്നിവർക്ക് നടന്നുപോകാൻ പറ്റാത്ത അവസ്ഥയാണുള്ളത്. കൂടാതെ സ്കൂളിന്റെ അകത്തേക്ക് വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ഇവിടെ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുകയാണ്. അതുപോലെ റെയിൽവേ സ്റ്റേഷൻ വളവ്, താലൂക്ക് ആശുപത്രി, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കുകയാണ്.
റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ ഇക്കഴിഞ്ഞ ജൂൺ 30 വരെയാണ് സമയം കൊടുത്തിരുന്നത്. എന്നാൽ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരനും ഒത്തുകളിച്ച് യാത്രക്കാരെ വെല്ലുവിളിക്കുകയാണെന്നാണ് ആക്ഷേപം. ജൂൺ 30 ന് റോഡ് മെക്കാഡം ടാറിംഗ് ചെയ്യാൻ പറ്റിയില്ലെങ്കിൽ യാത്ര സുഗമമാക്കാൻ റോഡ് അറ്റകുറ്റപണി ചെയ്ത് തരുമെന്ന് കരാറുകാരനും വകുപ്പ് ഉദ്യോഗസ്ഥരും ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ മഴ കനത്തതോടെ ഇവർ സ്ഥലം വിടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 4 വർഷമായി നീലേശ്വരം - ഇടത്തോട് റോഡ് പണിമുഴപ്പിക്കാതെ ജനങ്ങളുടെ ക്ഷമ പരിശോധിക്കുകയാണ് കരാറുകാരനും വകുപ്പുദ്യോഗസ്ഥരും.