പഴയങ്ങാടി: ഇരിണാവ് തെക്കുമ്പാട് എ.എൽ.പി സ്‌കൂൾ 2022-23 അദ്ധ്യയന വർഷം മുതൽ അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് സ്‌കൂൾ മാനേജ്‌മെന്റ് സർക്കാരിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിൽ മാടായി എ.ഇ.ഒ എം.വി. രാമചന്ദ്രൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. മാട്ടൂൽ പഞ്ചായത്തിലെ ആദ്യ എയ്ഡഡ് സ്‌കൂൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പൂട്ടണം എന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം.
സ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.എം. ദ്രൗപതി നല്കിയ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച് എ.ഇ.ഒ സ്‌കൂളിൽ നേരിട്ട് എത്തി വിശദമായ റിപ്പോർട്ട് തയാറാക്കുകയായിരുന്നു. സ്‌കൂൾ പൂട്ടാനുള്ള മാനേജ്‌മെന്റ് നീക്കത്തിനെതിരെ സ്‌കൂൾ അദ്ധ്യാപകർ, പി.ടി.എ, നാട്ടുകാർ എന്നിവർ ചേർന്ന് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിച്ച് രംഗത്തുണ്ട്. സ്‌കൂൾ പൂട്ടാൻ മാനേജ്‌മെന്റ് പറയുന്ന കാര്യങ്ങൾ പൂർണമായും തെറ്റാണെന്നാണ് ഇവരുടെ വാദം. ഇക്കാര്യം എ.ഇ.ഒ നൽകിയ റിപ്പോർട്ടിലും ഉണ്ടെന്നാണ് സൂചന.