കണ്ണൂർ: കണ്ണൂരിൽ വാനര വസൂരി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം ജില്ലയിൽ സന്ദർശനം നടത്തി. ജില്ലാ കളക്ടർ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരുമായി കളക്ട്രേറ്റിൽ ചർച്ച നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിയ സംഘം ആശുപത്രി അധികൃതരുമായും ചർച്ച നടത്തി.
എൻ.എസ്.ഡി.സി ജോയിന്റ് ഡയരക്ടർ ഡോ. സാങ്കേത് കുൽക്കർണി, എം.ഒ.എച്ച്.എഫ്.ഡബ്ല്യു അഡ്വൈസർ ഡോ. പി. രവീന്ദ്രൻ, പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജയിൻ എന്നിവരാണ് കണ്ണൂരിലെത്തിയത്. ജില്ലാകളക്ടർ എസ്. ചന്ദ്രശേഖറുമായി ചർച്ച നടത്തിയ സംഘം വിവരങ്ങളാരാഞ്ഞു.
വാനര വസൂരി നിർണ്ണയിച്ചതിന്റെ വിശദാംശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ നാരായണ നായ്ക്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. പ്രീത എന്നിവർ വിശദീകരിച്ചു. സ്വീകരിച്ച മുൻകരുതലുകൾ, നടപടികൾ, സമ്പർക്ക പട്ടിക, രോഗിയുടെ യാത്രാ വഴികൾ തുടങ്ങിയ വിവരങ്ങളും കേന്ദ്ര സംഘം ചോദിച്ചറിഞ്ഞു. കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. കെ. ഷാജ്, ഡി.പി.എം ഡോ. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
തുടർന്ന് സംഘം രോഗിയെ പ്രവേശിപ്പിച്ച പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി. രോഗിക്ക് നൽകിയ ചികിത്സകൾ പരിചരണ രീതികൾ, സുരക്ഷാ മുൻകരുതലുകൾ, തുടങ്ങിയവ സംബന്ധിച്ച് സംഘം വിവരങ്ങളാരാഞ്ഞു. സംഘാംഗങ്ങളിലൊരാൾ രോഗിയെ നേരിട്ടുകണ്ട് സംസാരിച്ചു. അതീവ സുരക്ഷാ മുൻകരുതലുകളോടെയായിരുന്നു കൂടിക്കാഴ്ച. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡി.കെ മനോജ്, കൊവിഡ് നോഡൽ ഓഫീസർ ഡോ. വി.കെ പ്രമോദ്, ആർ.എം.ഒ ഡോ. എസ്.എം സരിൻ, പ്രിൻസിപ്പൽ ചുമതലയുള്ള ഡോ. എസ്. അജിത് എന്നിവർ സംബന്ധിച്ചു.