mahe
മയ്യഴിയിലെ ഫ്രഞ്ച് ഹൈസ്‌കൂൾ: എക്കോൽ സെത്രാൽ കൂർ കോംപ്ലമെന്തേർ.

മാഹി: 233 വർഷം ഭരിച്ച മയ്യഴിയിൽ നിന്ന് ഫ്രഞ്ചുകാർ വിടപറഞ്ഞിട്ട് 68 വർഷമായെങ്കിലും ഫ്രഞ്ചു ഭാഷയെയും സംസ്‌കാരത്തെയും ഇന്നും ഈ നാട് കൈവിട്ടിട്ടില്ല. ഫ്രഞ്ച് പൗരത്വമുള്ള 125 കുടുംബങ്ങളുമുണ്ട്. അവർ മുന്നൂറോളം പേർ വരും. മയ്യഴി അടങ്ങുന്ന പുതുച്ചേരി സംസ്ഥാനത്തെ അഞ്ച് ഔദ്യോഗിക ഭാഷകളിലൊന്നാണ് ഇപ്പോഴും ഫ്രഞ്ച്.
പല സർക്കാർ ഓഫീസുകൾക്കും ഫ്രഞ്ച് പേരുകളാണ്. മാഹിയിലെ ഫ്രഞ്ച് ഹൈസ്‌കൂൾ അറിയപ്പെടുന്നത് എക്കോൽ സെന്ത്രാൽ കുർ കോംപ്ലമെന്തേർ എന്നാണ്. ഫ്രഞ്ച് ഭാഷാ പഠന കേന്ദ്രം അലയൻസ് ഫ്രാൻസേസ് എന്നും ഫ്രഞ്ച് പൗരന്മാരുടെ സംഘടനാ കാര്യാലയം യൂന്യോം ദ് ഫ്രാൻസേസ് എന്നും നഗരസഭാ കാര്യാലയം മെറി എന്നും വില്ലേജ് ഓഫീസ് എത്താസിവിൽ എന്നുമാണ് മയ്യഴിക്കാർ പറയുന്നത്.

കാലുറ 'കളസ'മായും ഫ്രഞ്ചുകാരന്റെ ക്യുയേൽ കുയ്യേലായും (സ്പൂൺ) മയ്യഴിക്കാർ ഉപയോഗിക്കുന്നു. നമ്മുടെ സൂപ്പ്, പിക്കം, പീപ്പി, പോക്ക് തുടങ്ങിയ പദങ്ങളെല്ലാം ഫ്രഞ്ചാണ്. മലയാളവുമായി ശബ്ദസാമ്യമുള്ള കത്തോ (കത്തി), പർലെ (പറയുക), പായ്യ് (പല്ല്), കയ്യു (കല്ല്), റൂത്ത് (നിരത്ത്) തുടങ്ങി കപ്പിത്തേന് (കപ്പിത്താൻ) കോംപഞ്ഞി (കമ്പനി), സാക്ക് (ചാക്ക്), പ്ലീമ (പെൻ) അങ്ങനെ പോകുന്നു മയ്യഴിയുടെ ഫ്രഞ്ച് പദങ്ങൾ. ലാന്തറിന് (വിളക്ക്) മറ്റു വാക്കൊന്നും മയ്യഴി ഉപയോഗിക്കുന്നില്ല. വീഞ്ഞും അങ്ങനെ തന്നെ.

പൊലീസുകാർ 'റോന്ത് ' ചുറ്റുക എന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്. ഹെഡ് കോൺസ്റ്റബിളിനെ ബൃഗാദിയെന്നും പൊലീസ് മേധാവിയെ കൊമ്മീസേർ എന്നുമാണ് വിളിക്കുന്നത്. 'മേറും' മെറിയും' മയ്യഴിക്കാർക്ക് മുൻസിപ്പൽ ചെയർമാനും മുൻസിപ്പൽ ഓഫീസുമാണ്. 'ചുട്ട അടി'ക്ക് മയ്യഴിക്കാർ 'കൊമാന്തം' എന്നാണ് പറയുന്നത്.

കോടതി വിധി നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ ഹ്യുസ്സി മയ്യഴിക്ക് ഒസ്യയാണ്. ആധാരം രജിസ്റ്റർ ചെയ്യുന്ന 'തബലിയോം' തവിലിയെയും. നൊത്തേർ (നോട്ടറി) ഇന്നും നൊത്തേർ തന്നെ. ഫ്രഞ്ചുകാരുടെ ഇഷ്ട വിനോദങ്ങളായ വഴുക്കുന്ന തൂണിന്മേൽ കയറി വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടുന്നതും മയ്യഴിപ്പുഴയിലെ വഞ്ചി തുഴയൽ മത്സരവുമെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട്.