നീലേശ്വരം: കഴിഞ്ഞ ഒരു മാസമായി പെയ്യുന്ന മഴയിൽ തെങ്ങിൽ നിന്ന് തേങ്ങയും കവുങ്ങിൽ നിന്ന് അടക്കയും മൂപ്പെത്താതെ പൊഴിയുന്നു. തെങ്ങിന് മണ്ട ചീയൽ രോഗം വ്യാപകമായതിന് പിന്നാലെയാണ് ഇപ്പോഴത്തെ തേങ്ങ പൊഴിച്ചൽ.

ഒരു തെങ്ങിൽ നിന്ന് രണ്ടും മൂന്നും തേങ്ങയാണ് ദിവസവും പൊഴിയുന്നത്. പൊഴിഞ്ഞുവീഴുന്ന മൂപ്പെത്താത്ത തേങ്ങയുടെ മുൻ ഭാഗം ചുറ്റും കറുപ്പ് കളറും കാണുന്നുണ്ട്. ഈ തേങ്ങ ഭക്ഷ്യാവശ്യത്തിനോ, വില്പനക്കോ സാദ്ധ്യമല്ലാത്തത് കേരകർഷകന്റെ വരുമാനത്തെയാണ് ബാധിക്കുന്നത്.

മണ്ട ചീയൽ രോഗം ബാധിച്ച് തെങ്ങ് നശിച്ചതിനെ തുടർന്ന് കർഷകർ ഏറെ വിഷമത്തിലായിരുന്നു. മണ്ട ചീഞ്ഞ തെങ്ങ് മുറിച്ചുമാറ്റാൻ കൃഷി വകുപ്പ് പറയുന്നുണ്ടെങ്കിലും, ഒരു തെങ്ങ് മുറിച്ച് മാറ്റാൻ 1200 രൂപയാണ് പണിക്കൂലി. ഇതും ബാധിക്കുന്നത് തെങ്ങ് കർഷകനെയാണ്. മുൻകാലങ്ങളിൽ കേടായ തെങ്ങ് മുറിച്ചുമാറ്റാൻ കൃഷി വകുപ്പ് സാമ്പത്തിക സഹായം നൽകാറുണ്ടെങ്കിലും ഇപ്പോൾ നിർത്തിയിരിക്കുകയാണ്. കാർഷിക വിളകളുടെ വിലയിടിവും രാസവളങ്ങൾക്ക് വമ്പിച്ച വില കയറ്റവും മൂലം പൊതുവേ കർഷകരുടെ നട്ടെല്ലൊടിഞ്ഞിരിക്കുകയാണ്. അതിനിടയിലാണ് പുതിയ പ്രതിഭാസവും.

മഴ കനത്താൽ തെങ്ങിന് അണുബാധ വരാൻ സാദ്ധ്യതയുണ്ട്. മഴക്കാലങ്ങളിൽ സൂര്യപ്രകാശം പൊതുവെ കുറവാണ്. ഇങ്ങനെ വരുമ്പോൾ മരത്തിന് കൂടുതൽ സമ്മർദ്ദം വരാം. ആവശ്യത്തിന് പൊട്ടാഷ്, യൂറിയ ചേർത്താൽ ചെറിയ മാറ്റം വരും.

ഡോ. കെ,എം. ശ്രീകുമാർ, പടന്നക്കാട് കാർഷിക കോളേജ് കീടനാശിനി വിഭാഗം മേധാവി