കാഞ്ഞങ്ങാട്: വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് സമാധാനപരം. നഗരസഭയിലെ 11 (തോയമ്മൽ), പള്ളിക്കര പഞ്ചായത്തിലെ 19 (പള്ളിപ്പുഴ), കള്ളാറിലെ 2 (ആടകം) ഉൾപ്പെടെ ജില്ലയിൽ അഞ്ച് വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ തോയമ്മൽ വാർഡിൽ എൻ. ഇന്ദിര (എൽ.ഡി.എഫ്), പി. നാരായണി (യു.ഡി.എഫ്), എം.എ. രേഷ്മ (ബി.ജെ.പി) എന്നിവരാണ് സ്ഥാനാർത്ഥികൾ. ബല്ല ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ടെടുപ്പ് നടത്തി.
കള്ളാർ പഞ്ചായത്തിലെ ആടകം വാർഡിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 62 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചത്. കോൺഗ്രസിൽ നിന്നും സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇവിടെ വീറും വാശിയും കൂടിയിരുന്നു. സീറ്റ് നിലനിർത്താൻ എൽ.ഡി.എഫും, തിരിച്ചുപിടിക്കാൻ യു.ഡി.എഫും ഇവിടെ ശക്തമായ പ്രചാരണമാണ് നടത്തിയത്. പള്ളിപ്പുഴ വാർഡ് യു.ഡി.എഫിന് സ്വാധീനമുള്ളതാണെങ്കിലും സ്വതന്ത്രനെ ഇറക്കിയാണ് ഇടതുപോരാട്ടം.