photo
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ

പഴയങ്ങാടി: കൊവിഡ് കാലയളവിൽ കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ അഞ്ചു ട്രെയിനുകളുടെ സ്റ്റോപ്പുകളും പയ്യന്നൂരിൽ നിർത്തലാക്കിയ മൂന്ന് ട്രെയിനുകളുടെ സ്റ്റോപ്പുകളും പുനഃസ്ഥാപിക്കുമ്പോൾ പഴയങ്ങാടി സ്റ്റേഷനോട് അവഗണന. ഇവിടെ നിർത്തിലാക്കിയ രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതാണ് പരാതിക്കിടയാക്കിയത്. റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസാണ് കഴിഞ്ഞദിവസം സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്ന കാര്യം അറിയിച്ചത്.

ഇന്നലെ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച പി.കെ കൃഷ്ണദാസിന് മുന്നിൽ പഴയങ്ങാടി സ്റ്റേഷനോട് റെയിൽവേ കാണിക്കുന്ന അവഗണന മാദ്ധ്യമ പ്രവർത്തകരും നാട്ടുകാരും ചൂണ്ടിക്കാട്ടിയപ്പോൾ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചിട്ടുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.

കണ്ണപുരത്തേക്കാൾ യാത്രക്കാരും വരുമാനവുള്ള സ്റ്റേഷനാണ് പഴയങ്ങാടിയെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പേരിന് ഒരു ടിക്കറ്റ് വെന്റിംഗ് മെഷീനാണ് പഴയങ്ങാടിക്ക് അനുവദിച്ചിട്ടുള്ളത്. ഒരു നൂറ്റാണ്ടും പന്ത്രണ്ട് വർഷവും പിന്നിടുമ്പോൾ അവഗണനയുടെ ചൂളം വിളിയിൽ കിതക്കുകയാണ് പഴയങ്ങാടി റയിൽവേ സ്റ്റേഷൻ. ദിനംപ്രതി വരുമാനമാകട്ടെ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിന് മുകളിലും. വർഷാവർഷം വരുമാനത്തിൽ ഗണ്യമായ വർദ്ധന ഉണ്ടാകുമ്പോൾ അതിന് അനുസരിച്ചുള്ള വികസനത്തിന്റെ ഒരു ശതമാനം പോലും പതിറ്റാണ്ടുകളായി ഇവിടെ നടപ്പിലാക്കിയിട്ടില്ല. രണ്ടായിരത്തിന് മുകളിൽ യാത്രക്കാരാണ് ദിനംപ്രതി ഇവിടെ നിന്നും യാത്ര നടത്തുന്നത്. സമീപകാലത്തായി പ്ളാറ്റ്ഫോം നവീകരണത്തിന്റെ ഭാഗമായി ചില അറ്റകുറ്റ പണികൾ നടത്തിയെങ്കിലും അതൊഒന്നും വികസനത്തിന്റെ പാതയിലെത്തിയില്ല.

കുടിവെള്ളം പോലും കിട്ടില്ല

യാത്രക്കാർക്ക് കുടിവെള്ളത്തിനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ലാത്ത ഇവിടെ രാത്രിയിൽ വൈദ്യുതി പോയാൽ സ്റ്റേഷനിലെ യാത്രക്കാരും ജീവനക്കാരും ഇരുട്ടിലാകും. രണ്ടാം പ്ളാറ്റ്ഫോം പേരിന് ഉണ്ടെങ്കിലും യാത്രക്കാർ മഴയും വെയിലും കൊള്ളാതിരിക്കുവാനുള്ള മേൽക്കൂര മതിയായ രീതിയിൽ രണ്ടാം പ്ളാറ്റ് ഫോമിൽ ഇല്ല. കോടികളുടെ വാർഷിക വരുമാനമുള്ള സ്റ്റേഷനിൽ പ്രാഥമിക സൗകര്യങ്ങൾപോലും ഒരുക്കുവാൻ റെയിൽവേ തയ്യാറാകാതെ കടുത്ത അവഗണനയാണ് കാട്ടുന്നത്.

ഉറപ്പുകൾക്ക് മാത്രം കുറവില്ല

മംഗളൂരു- ചെന്നൈ വെസ്റ്റ് കോസ്റ്റിനു സ്റ്റോപ്പ് അനുവദിക്കാമെന്ന് പഴയങ്ങാടി പാസഞ്ചർ അസോസിയേഷന് റെയിൽവേ അധികൃതർ നൽകിയ ഉറപ്പ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പാളത്തിന് പുറത്ത് തന്നെ. മംഗളൂരു നാഗർകോവിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാമെന്ന് കേന്ദ്ര മന്ത്രിമാരുടെയും എം.പിയുടെയും ഉറപ്പും പാഴായി. തിരുവനന്തപുരം കുർള എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ട്.