കാസർകോട്: ബംഗളൂരുവിൽ മലയാളിയായ രാജപുരം സ്വദേശി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരനെ കൂടി പൊലീസ് പ്രതിചേർത്തു. അറസ്റ്റിലായ രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സൗത്ത് ബംഗളൂരുവിലെ ജിഗനിക്ക് സമീപം താമസിക്കുന്ന പുട്ടരാജു(27), ശ്രീനിവാസ് (19) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പതിനാറുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈൽ കോടതിയിൽ ഹാജരാക്കി.

രാജപുരം പൈനിക്കര ചേരുവേലിൽ സനു തോംസണി(30)നെ കൊലപ്പെടുത്തിയ കേസിലെ മൂന്നുപ്രതികളും അറസ്റ്റിലായതോടെ വേഗത്തിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ മൂന്നംഗസംഘം സനുതോംസണിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.45 മണിയോടെ സൗത്ത് ബംഗളൂരുവിലെ ജിഗനിയിൽ ബൈക്കിലെത്തിയ പതിനാറുകാരൻ അടക്കമുള്ള മൂന്നംഗസംഘം സനുവിന്റെ മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തുകയായിരുന്നു. ചെറുത്തപ്പോൾ സനുവിനെ കുത്തിവീഴ്ത്തി സംഘം കടന്നുകളയുകയാണുണ്ടായത്.

ജിഗനിയിലെ ടാറ്റ അഡ്വാൻസ് സിസ്റ്റംസ് ലിമിറ്റഡ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായ സനുതോംസൺ രാത്രി ജോലികഴിഞ്ഞ് കമ്പനിയിൽ നിന്ന് ഇറങ്ങി സമീപത്തുള്ള താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. അതേസമയം മൊബൈൽ ഫോൺ തട്ടിയെടുക്കാനുള്ള പ്രതികളുടെ ശ്രമം പരാജയപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.


അന്വേഷണം ഊർജ്ജിതമാക്കണം: കെ.സി.സി

സനു തോംസണിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികൾക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താൻ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് കെ.സി.സി രാജപുരം യൂണിറ്റ് കേരളകർണ്ണാടക മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷാജി ചാരാത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് തോമസ് മരുതൂർ സ്വാഗതവും ബോബി ജോസഫ് നന്ദിയും പറഞ്ഞു.