കൂത്തുപറമ്പ്: വേങ്ങാട് മേഖലയിലെ സിനിമാ പ്രേമികളുടെ ഓർമ്മകളിൽ മാത്രമായി ഇനി റാണി ടാക്കീസും ഒതുങ്ങും. സിനിമാ പ്രദർശനം പട്ടണങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന 1981ലാണ് വേങ്ങാട് ഗ്രാമത്തിൽ റാണി ടാക്കീസ് ഉദയം കൊള്ളുന്നത്. ഹരിഹരൻ സംവിധാനംചെയ്ത ‘ലാവ’യായിരുന്നു ആദ്യം പ്രദർശിപ്പിച്ചത്. 2020-ൽ ഇറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘അഞ്ചാംപാതിര’യാണ് റാണിയിൽ അവസാനം പ്രദർശിപ്പിച്ചത്. മോഹൻലാലിന്റെ ‘പുലിമുരുക"നായിരുന്നു ഏറ്റവും കൂടുതൽ ഓടിയതും കളക്ഷൻ നേടിയതുമായ ചിത്രം.
ടൈറ്റാനിക്, ജുറാസിക് പാർക്ക്, ബാഹുബലി, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിംഗ്, വിയറ്റ്നാം കോളനി തുടങ്ങിയ എണ്ണമറ്റ ഹിറ്റ്ചിത്രങ്ങളും റാണിയിലെ വെള്ളിത്തിരയിലിടം പിടിച്ചിരുന്നു. ഓലമേഞ്ഞ് മുകളിൽ തകര ഷീറ്റ് ഇട്ട കെട്ടിടമായിരുന്നു ടാക്കീസ്. 50 രൂപയായിരുന്നു ടിക്കറ്റിന് അവസാനം ഈടാക്കിയ തുക. ഇവിടെ നിന്നും സിനിമ കാണുമ്പോൾ പഴയകാല സ്മരണകളാണ് ഓരോരുത്തരെയും തൊട്ടുണർത്തിയിരുന്നത്. പണ്ടുകാലങ്ങളിൽ ഉത്സവ സമയത്തും മറ്റു വിശേഷ ദിവസങ്ങളിലും അഞ്ചോളം ഷോകൾ ഇവിടെ കളിച്ചിരുന്നുവെന്ന് തിയേറ്റർ ഉടമയായ ശ്രീജിത്ത് പറയുന്നു.
സിനിമയോടുള്ള പ്രണയമായിരുന്നു വേങ്ങാട് സ്വദേശി പി. ശ്രീധരനും മകൻ ശ്രീജിത്തിനും ടാക്കീസ് ഇതുവരെയും മുന്നോട്ട് കൊണ്ടുപോകാൻ പ്രേരിപ്പിച്ചത്. പോസ്റ്റർ ഒട്ടിക്കുന്നത് മുതൽ തീയേറ്റർ വൃത്തിയാക്കുന്നത് വരെയും ഇരുവരും ചേർന്നായിരുന്നു. പോസ്റ്റർ പതിക്കൽ ടിക്കറ്റ് കൊടുക്കൽ, ഗേറ്റ് സുരക്ഷ, പ്രൊജക്ടർ ഓപ്പറേഷൻ, തീയേറ്റർ ക്ളീനിംഗ് എന്നിവ ശ്രീജിത്തിന്റെ ജോലിയായിരുന്നു. പിതാവും ഇതിലൊക്കെ ഇടപെടും. തീയേറ്ററിൽ ഡി.ടി.എസ് സംവിധാനം ഒരുക്കുന്നതിനും സീറ്റുകൾ പുതുക്കുന്നതിനുമായി കൊവിഡിനുമുൻപ് ആറുലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. എന്നാൽ, നഷ്ടംകൂടി. കൈയിൽനിന്ന് പണമെടുത്താണ് അവസാനകാലത്ത് പ്രദർശനം നടത്തിപ്പോന്നത്. ചെറിയ പടങ്ങൾക്കുപോലും വലിയ തുക മുൻകൂർ ഇറക്കേണ്ടിവന്നു.
കൊവിഡിന്റെ വരവോടെ ടാക്കീസിന്റെ തകർച്ച പൂർണമായി. കെട്ടിടം ഉപയോഗിക്കാതെ കെട്ടിട നികുതി അടക്കേണ്ടി വന്നതും മറ്റൊന്നും ചെയ്യാൻ സാധിക്കാത്തതുമാണ് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിന് പിന്നിൽ. ഇനി ഒരിക്കലും ഈ വെള്ളിത്തിരയിൽ കഥകളും താരങ്ങളും തെളിയില്ല. വിസിലടികൾ നിറയില്ല.